കൊയിലാണ്ടി- ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കാൻ തോരായി കടവ് പാലം നിർമ്മിക്കുന്നു

post

സംസ്ഥാനത്ത് രണ്ടു വർഷം കൊണ്ട് 68 പാലങ്ങളുടെ പ്രവൃത്തി പൂർത്തിയായി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി- ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു തോരായി കടവ് പാലം. പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും.

കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പാലം വരുന്നതോടെ കഴിയും. നിലവിൽ കടത്തു തോണി മാത്രമാണ് തോരായി കടവ് കടക്കാൻ ആശ്രയം. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയിലും ഉണർവ്വുണ്ടാകും. പ്രധാന ടൂറിസം കേന്ദ്രമായ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എത്തിച്ചേരൽ എളുപ്പമാകും.

23.82 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് പാലത്തിന്റെ നിർമ്മാണം. 265 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. പാലത്തിനിരുവശത്തും നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ പാലത്തിന്റെ നടുവിലായി ജലയാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിങ് ആർച്ച് രൂപത്തിലാണ് രൂപകൽപന.18 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലയളവ്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു യൂണിറ്റിനാണ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.

സംസ്ഥാനത്ത് രണ്ടു വർഷം കൊണ്ട് 68 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. 68 പാലങ്ങളാണ് ഈ കാലയളവിനുളളിൽ പൂർത്തീകരിച്ചത്. 110 ഓളം പാലങ്ങളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനം ജില്ലയിൽ 2024 നകവും സംസ്ഥാനത്ത് 2025 നുള്ളിലും പൂർത്തീകരിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും കേരളം വേഗതയാർന്ന വികസന പ്രവർത്തനങ്ങളുമായ് മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.

അകലാപ്പുഴയ്ക്ക് കുറുകേ തോരായി കടവ് പാലം വരുന്നതോടെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുമെന്നും ടൂറിസം സാധ്യതകൾ ഫലപ്രദമായ് ഉപയോഗപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പാലങ്ങൾ ദീപാലങ്കൃതമാക്കാനുള്ള പദ്ധതിയിൽ തോരായി കടവ് പാലത്തെ ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. സച്ചിൻ ദേവ് എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു.