ബയോമെട്രിക്ക് ഓട്ടോമാറ്റിക് അറ്റന്‍ഡന്റ്‌സ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

post

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമെട്രിക്ക് ഓട്ടോമാറ്റിക് അറ്റന്‍ഡന്റ്‌സ് സിസ്റ്റത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പുരോഗതിക്കായുള്ള അന്വേഷണത്തില്‍ സമ്പന്നവും സുസ്ഥിരവുമായ ഭാവിയുടെ ആണിക്കല്ല് ശാസ്ത്ര നവീകരണമാണെന്ന് മന്ത്രി പറഞ്ഞു. പഠനാനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ യുവമനസുകളില്‍ ശാസ്ത്രത്തോടുള്ള അഭിനിവേശം ജ്വലിപ്പിക്കാനും വിമര്‍ശനാത്മക ചിന്താശേഷി വളര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.

ശാസ്ത്രവികസനം എന്നത് കേവലം സാങ്കേതിക മുന്നേറ്റങ്ങള്‍ മാത്രമല്ല പൗരന്മാരില്‍ ശാസ്ത്രീയ സ്വഭാവം വളര്‍ത്തിയെടുക്കല്‍ കൂടിയാണ്. ഭരണത്തിലും ദൈനംദിന ജീവിതത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള യുക്തിസഹവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍ സുരക്ഷിതരായി സ്‌കൂളില്‍ എത്തിച്ചേര്‍ന്നു എന്ന സന്ദേശം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൃത്യമായി എത്തിക്കുന്ന ബയോമെട്രിക് ഓട്ടോമാറ്റിക് അറ്റന്‍ഡന്റ്‌സ് സിസ്റ്റം ഗവേഷണത്തിലൂടെ ആദ്യമായി വികസിപ്പിച്ചെടുത്ത ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ കേരളത്തിന് മുഴുവന്‍ മാതൃകയായി മാറിയിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആദ്യ പൊതുവിദ്യാലയ സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്. പാഠപുസ്തകങ്ങളിലെ സിദ്ധാന്തങ്ങള്‍ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പഠനം പരീക്ഷയെഴുതി ജയിക്കാന്‍ മാത്രമുള്ളതല്ല അത് പ്രയോഗിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവാണ് ഈ ഗവേഷണത്തിന് അവരെ പ്രേരിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം ഏര്‍പ്പാടാക്കാനുള്ള നിര്‍വഹണശേഷി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പദ്ധതിക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പരിപാടിയില്‍ അധ്യക്ഷനായി. ശാസ്ത്രീയ ചിന്ത ഉണ്ടായെങ്കില്‍ മാത്രമേ മികച്ച നേട്ടങ്ങളിലേക്ക് കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) വന്നതോടുകൂടി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സാധ്യതകള്‍ തുറക്കുകയാണെന്നും അവ പ്രയോജനപ്പെടുത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.