കോവിഡ്- 19: അമൃതാനന്ദമയീ മഠത്തില്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പരിശോധന

post

കൊല്ലം: ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശ പ്രകാരം വളളിക്കാവ് മാതാ അമൃതാനന്ദമയീ മഠത്തില്‍ ആര്‍ ഡി ഒ സുമീതന്‍പിള്ളയുടെ നേതൃത്വത്തില്‍  പരിശോധന നടത്തി. മാതാ അമൃതാനന്ദമയിയുമായും അമൃതസ്വരൂപാനന്ദയുമായും ആര്‍ ഡി ഒ ചര്‍ച്ച നടത്തി. മഠത്തില്‍ വിദേശികളായി 709 പേരും കൂടാതെ നിരീക്ഷണ കാലയളവില്‍ വന്ന 68 പേരുമാണ് ഉള്ളത്. ഇവരെ പ്രത്യേക കെട്ടിടത്തില്‍ പാര്‍പ്പിച്ചു വരികയാണ്. ആലപ്പാട് പി എച്ച് എസ് സിയിലെ ഡോ അരുണിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലുമാണ് ഇവര്‍.  എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മാര്‍ച്ച് ഒന്നിന് ശേഷം മഠത്തില്‍ എത്തിച്ചേര്‍ന്ന 30 ഓളം പേരുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തദ്ദേശീയരായ  1702 അന്തേവാസികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രോട്ടോകോള്‍ പ്രകാരമുള്ള മാസ്‌കും സാനിറ്റൈസറുകളും അടക്കമുളള എല്ലാ നിര്‍ദേശങ്ങളും പാലിച്ചു വരുന്നുണ്ട്. നിലവില്‍ 43 പേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരെ ഡോ ശശി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാരായണന്‍ എന്നിവടങ്ങുന്ന വിദഗ്ധ സംഘം പരിശോധിച്ച് ആരോഗ്യം തൃപ്തികരമാണെന്ന് വിലയിരുത്തി. തഹസില്‍ദാര്‍ സാജിതാ ബീഗം, വില്ലേജ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ആര്‍ ഡി ഒ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു. രണ്ട് ദിവസമായി നടന്നുവരുന്ന പരിശോധന ഇന്നലെ അവസാനിച്ചു.  റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായി ആര്‍ ഡി ഒ അറിയിച്ചു.