ഇടുക്കി മെഡിക്കല്‍ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് ഭവന്‍ നിർമിക്കും

post

മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. ആണ്‍കുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ,ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും കമ്മിറ്റി വിലയിരുത്തി.

ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായി. കറന്റ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് താമസത്തിന് തുറന്നുകൊടുക്കും. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ ഫ്‌ളോറിങ് ജോലികള്‍, ഹോസ്റ്റലിന്റെയും ക്വാര്‍ട്ടേഴ്‌സിന്റെയും അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കിറ്റ്‌കോ, കെ.എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവക്ക് മന്ത്രി നിര്‍ദേശം നല്‍കി.


മെഡിക്കല്‍ കോളേജില്‍ സിസിടിവി സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. 11 കെ.വി ഹൈടെന്‍ഷന്‍ ഫീഡര്‍ കണക്ഷന്‍ നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച നഴ്‌സിങ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സുപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി പാക്കേജില്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച കാത്ത് ലാബിന് സ്ഥലം വിട്ടുകൊടുക്കാനും യോഗം തീരുമാനിച്ചു.

മെഡിക്കല്‍ കോളേജിന് മാത്രമായി സീവേജ് പ്ലാന്റ് സ്ഥാപിക്കും. മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആരോഗ്യസര്‍വകലാശാല നിഷ്‌കര്‍ഷിച്ച തസ്തികള്‍ അടിയന്തരമായി സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനായി മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഹൗസിങ് ബോർഡിന്റെ ആശ്വാസ് ഭവന്‍ പദ്ധതിക്കായി നാല് കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിന്റെ ഭാവി വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാനും തീരുമാനിച്ചു.