ഡിജിറ്റലാകാന്‍ ഡിജി മുരിയാട്; ഒന്നാം ഘട്ടത്തിന് തുടക്കം
തൃശൂർ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. റോഡുകള്‍, തോടുകള്‍, ഭൂമി, കെട്ടിടങ്ങള്‍, കുളങ്ങള്‍, കുടിവെള്ളപദ്ധതികള്‍, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പഞ്ചായത്തിന്റെ മുഴുവന്‍ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ആദ്യഘട്ടം.
വാര്‍ഡുകള്‍ തോറും ഗ്രാമകേന്ദ്രങ്ങളിൽ ഡിജിറ്റല്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കുക എന്നതാണ് രണ്ടാം ഘട്ടം. ഇനിയും ഡിജിറ്റല്‍ ഡിവൈസ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതയജ്ഞം നടത്തുക എന്നതാണ് മൂന്നാം ഘട്ടം. ഡിജി മുരിയാടിന്റെ പ്രഥമികഘട്ടമായ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതിഗോപി അദ്ധ്യക്ഷത വഹിച്ചു. സെന്റെർ ഫോർ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിസ്ആർ ഡി ആണ് ഡിജി മുരിയാടിന് സാങ്കേതിക സഹായം നൽകുന്നത്.