കോട്ടയത്ത് പിങ്ക് വസന്തം; മലരിക്കൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി

post

കോട്ടയത്തിന്റെ പിങ്ക് വസന്തമായ തിരുവാർപ്പ് മലരിക്കലിൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് മലരിക്കലിൽ ആമ്പൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആമ്പൽ ഫെസ്റ്റിവൽ കാണാനെത്തുന്നവർ വള്ളങ്ങളിലെ യാത്ര നടത്തുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പാളിച്ച ഉണ്ടായാൽ ടൂറിസത്തെയും വരുമാന മാർഗ്ഗത്തെയും ഇത് ബാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പൽപ്പൂക്കൾ പൂവിട്ടിരിക്കുന്നത്. സന്ദർശകർക്ക് വള്ളങ്ങളിൽ യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ കാഴ്ചകൾ കാണാനും അവസരമുണ്ട്.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, മീനച്ചിലാർ- മീനന്തരയാർ- കൊടൂരാർ നദീപുനർസംയോജനപദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,പാടശേഖരസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.