ഒരേക്കറില്‍ ചെറുധാന്യകൃഷിയിറക്കി അഗളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
പാലക്കാട് അട്ടപ്പാടിയിലെ ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്.
ചെറുധാന്യത്തോടൊപ്പം സൂര്യകാന്തിയും പച്ചക്കറിയും ചെറിയതോതില്‍ കൃഷിയിറക്കിയിട്ടുണ്ട്. റാഗി, ചാമ, തിന, തുടങ്ങി ഏഴിനം ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. കര്‍ഷകജ്യോതി അവാര്‍ഡ് മുന്‍ ജേതാവും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുരുകേഷ് ചെറുന്നാലിയുടെ കൃഷിയിടത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. പ്രസിഡന്റ് മുഹമ്മദ് ജാക്കിര്‍ അധ്യക്ഷനായി. മുരുകേഷ് ചെറുന്നാലി, പ്രോഗ്രാം ഓഫീസര്‍ റോബിന്‍സ് കെ. തോമസ്, അധ്യാപകരായ അനുജി ജോസഫ്, എച്ച്.ആര്‍. അനീഷ്, വി.ജി. ധന്യ എന്നിവര്‍ പങ്കെടുത്തു.