നൂറിൽ നൂറ് നേട്ടവുമായി പുൽപ്പള്ളി ഹരിത കർമ്മ സേന

post

'എന്റെ വാർഡ് നൂറിൽ നൂറ്' ക്യാമ്പയിനിന്റെ ഭാഗമായി 11 വാർഡുകളിൽ നിന്നും 100 ശതമാനം വാതിൽപ്പടി ശേഖരണവും യൂസർഫീ ശേഖരണവും നടത്തി മാതൃകയായി പുൽപ്പള്ളി ഹരിത കർമ്മ സേനാംഗങ്ങൾ. നവ കേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ മേഖലയിൽ നടത്തി വരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പുൽപ്പള്ളി പഞ്ചായത്ത് നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ വാർഡുകളിൽ ക്യാമ്പയിൻ നടപ്പിലാക്കിയ ജില്ലയിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പുൽപ്പള്ളി. പഞ്ചായത്തിൽ 33 ഹരിത കർമ്മ സേന അംഗങ്ങളാണ് പ്രവർത്തിക്കുന്നത്.

പഞ്ചായത്തിലെ ആകെയുള്ള 20 വാർഡുകളിൽ എല്ലായിടത്തും ഹരിത കർമ്മ സേന വാതിൽപ്പടി സേവനം നൽകുന്നുണ്ടെങ്കിലും യൂസർ ഫീ ലഭിക്കുന്നത് കുറവായിരുന്നു. ഒരു വാർഡിലെ മാനദണ്ഡ പ്രകാരമുള്ള മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നടത്തി അവിടെ നിന്ന് ഈടാക്കുന്ന യൂസർഫീയാണ് ഹരിത കർമ്മ സേനയുടെ വരുമാന സ്രോതസ്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിനായി ആസൂത്രണം ചെയ്ത ക്യാമ്പയിനാണ് 'എന്റെ വാർഡ് നൂറിൽ നൂറ്'.

33 അംഗ ഹരിത കർമ്മ സേന 8 പേരടങ്ങുന്ന ക്ലസ്റ്ററുകളായാണ് ഫീൽഡിൽ ഇറങ്ങിയത്. ഇവരോട് വിമുഖത കാണിച്ചിരുന്നവരെ ക്യാമ്പയിനിന്റെ ഭാഗമാക്കുന്നതിനായി പഞ്ചായത്തും ഹരിത കർമ്മ സേനയ്ക്കൊപ്പം ഇറങ്ങിയതോടെ അതൊരു ജനകീയ ഇടപെടലിനുള്ള സാധ്യതയാണ് നൽകിയത്. 11 വാർഡുകളിലെ മെമ്പർമാരുടെ പൂർണ പിന്തുണ നേട്ടത്തിലേക്കുള്ള എളുപ്പ വഴിയായി. കൂടാതെ പഞ്ചായത്ത് ഭരണ സമിതി, മറ്റു ജനപ്രതിനിതികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ എന്നിവരുടെ സഹകരണവും ക്യാമ്പയിന് ലഭിച്ചു. ഹരിത കേരളം മിഷന്റെ മോണിറ്ററിങ്ങിലൂടെ കൃത്യമായ ഷെഡ്യൂൾ പ്രകാരം ഓരോ വാർഡുകളിലും പ്രത്യേക അവലോകനം നടത്തി. സെപ്റ്റംബർ മാസത്തോടെ ബാക്കിയുള്ള 9 വാർഡുകളിൽ കൂടി ക്യാമ്പയിൻ നടപ്പിലാക്കും.

അഭിമാനമായ നേട്ടം കൈവരിച്ച ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു. പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.