വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും അവസരം
ഗോത്രവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും വോട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നവരെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലും പോളിങ് സ്റ്റേഷനുകളുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുകയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
18 നും 20 നും മധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുമായി നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഒപ്പം തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തവരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒരു മണ്ഡലത്തില്‍ നിന്നും മറ്റൊരു മണ്ഡലത്തിലേക്കോ മണ്ഡലത്തിനകത്തെ ഒരു ബൂത്തില്‍നിന്ന് മറ്റൊരു ബൂത്തിലേക്കോ വോട്ട് മാറ്റുന്നതിനും തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും സ്ഥിരമായി സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍, അനര്‍ഹര്‍ എന്നിവരുടെ പേര് നീക്കം ചെയ്യുന്നതിനും വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, https://voters.eci.gov.in/, ബി.എല്‍.ഒ ആപ്പ് എന്നിവ മുഖേന അപേക്ഷ നല്‍കാം. അതിനുപുറമേ ജില്ലയിലെ വില്ലേജ്, താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലും സൗകര്യങ്ങളുണ്ട്.
വോട്ടര്‍പ്പട്ടിക പുതുക്കലിന് ശേഷം സമ്മതിദായകപ്പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുമെന്ന് ജില്ലാ ഇലക്ഷന്‍ അസ്റ്റിസ്റ്റന്റ് പി.എ ടോംസ് യോഗത്തില്‍ പറഞ്ഞു. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ 2024ലും പോളിങ് സ്റ്റേഷനുകളുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ക്ലാസ്സെടുത്തു.
ജില്ലയില്‍ ആകെ 2109 പോളിങ് സ്റ്റേഷനുകള്‍
പാലക്കാട് ജില്ലയില്‍ ആകെയുള്ള 2109 പോളിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. സൗകര്യങ്ങളുടെ കുറവുമൂലം 19 എണ്ണത്തിന്റെ സ്ഥലവും 30 എണ്ണത്തിന്റെ കെട്ടിടവും മാറ്റേണ്ടതായി കണ്ടെത്തിയിട്ടുണ്ട്. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത പോളിങ് സ്റ്റേഷനുകള്‍ക്ക് പകരം പുതിയവ കണ്ടെത്തി പ്രാദേശിക ജനപ്രതിനിധികള്‍ക്ക് അതത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ശിപാര്‍ശ ചെയ്യാം. അതോടൊപ്പം ബൂത്തുകളില്‍ ബി.എല്‍.എമാരെ പുതുതായി നിയോഗിക്കുന്നതിനായി അതത് വില്ലേജ് ഓഫീസര്‍മാര്‍ മുഖേന പേര്, വിലാസം, ഫോട്ടോ, രാഷ്ട്രീയ കക്ഷി ബന്ധം, മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നൽകണം.
എ.ഡി.എം കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുനില്‍ കുമാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.