കേരള ഫീഡ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മന്ത്രി ഡോ. ആർ ബിന്ദു മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു
കേരള ഫീഡ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം ആവർത്തിത ചെലവ് വലിയ രീതിയിൽ കുറയ്ക്കുകയും ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തൃശ്ശൂർ ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഇരിങ്ങാലക്കുട, കാട്ടൂർ, നടവരമ്പ് പ്രദേശങ്ങളിലെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
നിയോജകമണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ 1250 വിദ്യാർത്ഥിനികൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തത്. തുടർന്ന് ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസും നടന്നു. കേരള ഫീഡ്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര പൊതു മേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.