ഓണത്തിന് ഒരു കൊട്ടപ്പൂവ്: ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം നടത്തി

post

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിര്‍വഹിച്ചു. അഞ്ച് ഏക്കറിലാണ് ചെണ്ടുമല്ലി കൃഷി ചെയ്ത് വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലഭിച്ച 10800 തൈകളും കൂത്തുപറമ്പ് ഹൈടെക് നഴ്‌സറി തയ്യാറാക്കിയ 2000 തൈകളും ആണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലം ഒരുക്കി നല്‍കി. പഞ്ചായത്തിലെ 17 ഗ്രൂപ്പുകള്‍ക്കാണ് 10800 ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്. ഒരു ചെണ്ടുമല്ലി തൈക്ക് 6.50 രൂപയാണ് വില.

പഞ്ചായത്തിലെ 17 ജെ.എല്‍.ജി ഗ്രൂപ്പിലെ പുരുഷ സഹായ സംഘങ്ങളും ആറ് വ്യക്തികളും ചേര്‍ന്നാണ് പൂകൃഷി നടത്തിയത്. കൂത്തുപറമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രം വഴിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആഴ്ച ചന്തകള്‍ വഴിയും വിപണി കണ്ടെത്തും. ഇതിന് പുറമെ പഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും ഓരോ ദിവസങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലും വിപണ സാധ്യത ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ച് ഏക്കറില്‍ നടത്തിയ കൃഷിയില്‍ നിന്നും രണ്ട് ടണ്‍ പൂവുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.