ഫ്രഷ് മത്സ്യം വീട്ടിലെത്തിക്കാന്‍ 'അന്തിപ്പച്ച'

post

ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച' മൊബൈല്‍ ഫിഷ് മാര്‍ട്ട് കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതത് ദിവസത്തെ മത്സ്യം വൃത്തിയോടെ സംഭരിച്ചാണ് വില്‍പ്പന. വാഹനത്തില്‍ മത്സ്യം കേടാകാതിരിക്കാന്‍ കൃത്യമായ ശീതീകരണ സംവിധാനം ഉണ്ടാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാത്ത മത്സ്യം വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മുഴുവനായ മത്സ്യം, പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് മത്സ്യം, മറ്റ് മത്സ്യ ഉത്പന്നങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ ലഭിക്കും. ചാള, അയല, നെത്തോലി, നെയ്മീന്‍, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതത് ദിവസത്തെ ലഭ്യതക്കനുസരിച്ച് വീടുകളിലെത്തുക.


ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോര്‍മാലിന്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ചേര്‍ക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങളും ഉണക്കമത്സ്യങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും ലഭിക്കുമെന്നതാണ് ഇതിന്റെ മേന്മ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി മുറിച്ചും നല്‍കും. ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കാം. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈനായി മീന്‍ ഓര്‍ഡര്‍ ചെയ്യാനാകും.

പള്ളിക്കുന്ന് ഇടച്ചേരിയില്‍ നടന്ന ചടങ്ങില്‍ ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ആര്‍. അനില്‍കുമാര്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.