ലഹരിയെ പുറത്താക്കാന്‍ സ്‌കൂളുകളില്‍ തന്നെ കടകള്‍
കാസർഗോഡ് ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും
കാസർഗോഡ് ജില്ലയിലെ സ്‌കൂളുകള്‍ ലഹരി മുക്തമാക്കാനും ലഹരി വസ്തുക്കളുടെ ഉപയോഗം, വ്യാപനം, കച്ചവടം എന്നിവ തടയുന്നതിനും നടപടികള്‍ ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ രണ്ടായിരത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂല, ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം, വി.പി.പി.എം.കെ ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, സി.എച്ച്.എസ്.എസ് ചെമ്മനാട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.
സ്‌കൂളുകളിലെ ഇടവേള സമയത്ത് കുട്ടികള്‍ ഓരോ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നതും ലഹരി മാഫിയയുടെ നിരീക്ഷണത്തിലാവാനുള്ള സാധ്യതയും കണക്കിലെടുത്താണ് സ്‌കൂളിനുള്ളില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് തീരുമാനമെടുത്തത്. തൊരഞ്ഞെടുത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരുമായി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ നടപടികള്‍ കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ സ്വീകരിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ കാന്റീന്‍ സൗകര്യം ഉള്ള സ്‌കൂളുകളില്‍ കാന്റീനില്‍ തന്നെ പദ്ധതി നടപ്പിലാക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.