ആറന്മുള വള്ളംകളി; പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കും

post

ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലമേളയും അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മത്സര വള്ളംകളിയായി തന്നെ നടത്തുവാനാണ് പള്ളിയോട സേവാ സംഘം തീരുമാനിച്ചിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭക്തജന തിരക്ക് ഈ വര്‍ഷം വള്ളസദ്യാ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഉണ്ട്. വള്ളംകളി ദിവസവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വള്ളം കളിയുമായി ബന്ധപ്പെട്ട ജില്ലയില്‍ 650 ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ ആരോഗ്യ വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തങ്ങളുടെ പുരോഗതി മന്ത്രി അവലോകനം ചെയ്തു.

വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് മഴ കുറവുള്ള സാഹചര്യത്തില്‍, എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍. പിള്ള, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.