ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകൾ വിതരണം ചെയ്തു

post

വനവകാശ നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍ കണ്ടുള്ള നവകേരള നിര്‍മാണമാണ് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

സമസ്ത മേഖലകളിലുമുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വനം വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പും ഏറെ യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 500 പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പിഎസ്‌സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കി. എക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കി, പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി, വന സംരക്ഷണ സമിതികളിലൂടെ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. റന്നിയിലെ 6000 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതിയുടെ അംഗീകാരത്തിനായി കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ളാഹ മഞ്ഞത്തോട് പ്രദേശത്തെ 20 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭൂരേഖ നല്‍കുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ വിവിധ പഞ്ചായത്തുകളിലായി 89 കുടുംബങ്ങള്‍ക്ക് കൂടി ഭൂരേഖ എത്രയും വേഗം നല്‍കും. ഇതിനായി വനം, റവന്യു, ട്രൈബൽ വകുപ്പുകള്‍ സംയുക്തമായി ഇടപെടല്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതരണത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കും. ഇതില്‍ ജില്ല മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. 14 ജില്ലകളിലായി അവശേഷിക്കുന്ന അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേയും മറ്റ് പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. സര്‍വേയര്‍മാരുടെ കുറവ് നികത്താന്‍ 324 സ്റ്റാഫിനെ റവന്യൂ വകുപ്പിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ച അവശേഷിക്കുന്ന ആളുകള്‍ക്ക് ഒരു വര്‍ഷത്തിനകം ഭൂരേഖകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, എക്കോ ഡെവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെല്‍ഫെയര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.