കമ്മ്യൂണിറ്റി കിച്ചണ്‍: മാര്‍ഗനിര്‍ദേശങ്ങളായി

post

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന് കുടുംബശ്രീയുടെ അഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ രൂപീകരിക്കുന്നതിന് മാര്‍ഗ്ഗദിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ നിലവിലെ ക്യാന്റീന്‍/കാറ്ററിങ്ങ് സൗകര്യങ്ങള്‍ എന്നിവയ്ക്കുപുറമേ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റോറിയങ്ങള്‍, ഹോസ്റ്റലുകള്‍, നിലവിലെ പാചകക്കാര്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളോ ഉചിതമായ മറ്റു സൗകര്യങ്ങളോ ഉപയോഗിച്ച് കിച്ചണുകള്‍ ദ്രുതഗതിയില്‍ ആരംഭിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിന്റേയും ആവശ്യത്തിനനുസരിച്ച് ഒന്നോ അധികമോ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങാം. പാലിയേറ്റീവ് സംഘടനകള്‍, ഇതര സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ നിലവില്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിച്ചും കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ക്ക് 20 രൂപയുടെ ഉച്ചയൂണ് വിതരണം ഏറ്റെടുക്കാം.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ 500 മുതല്‍ 1000 പേര്‍ക്കുവരെ ഭക്ഷണം തയ്യാറാക്കാന്‍ കഴിയുന്ന സംവിധാനങ്ങളുണ്ടായിരിക്കണം. പ്രദേശികാവശ്യങ്ങള്‍ക്കു ഉതകുന്നതരത്തില്‍ 100 മുതല്‍ 200 പേര്‍ക്കുവരെ ഉച്ചയൂണ് വിതരണം ചെയ്യാന്‍ കഴിയുന്ന ഒന്നിലധികം കിച്ചണുകള്‍ രൂപീകരിക്കാവുന്നതാണ്. ഇത്തരം കിച്ചണുകളില്‍ വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരിക്കണം. ഉച്ചയൂണ് വീടുകളില്‍ എത്തിക്കാനായി പ്രദേശികമായി തദ്ദേശ സ്ഥാപനത്തിന്റെ ഒരു വോളന്റീയര്‍ ടീം രൂപീകരിക്കാവുന്നതാണ്. ഈ ടീം വീടുകളില്‍ ഭക്ഷണം എത്തിക്കുമ്പോള്‍ അധികമായി അഞ്ച് രൂപ ചാര്‍ജ് ഈടാക്കാം.

ക്വാറന്‍ന്റൈനിലോ ഐസലേഷനിലോ കഴിയുന്നവര്‍, കിടപ്പ് രോഗികള്‍, വയോജനങ്ങള്‍, തെരുവുകളില്‍ താമസിക്കുന്നവര്‍, ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം മുന്‍കൂര്‍ ബുക്കിംഗിന് (എസ്.എം.എസ് / വാട്സാപ്പ് മുഖേന) ചുരുങ്ങിയത് രണ്ട് ഫോണ്‍ നമ്പര്‍ വീതം ഓരോ യൂണിറ്റും പ്രസിദ്ധീകരിക്കണം. മുകളില്‍ പറഞ്ഞവരല്ലാത്ത ആവശ്യക്കാര്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന പാഴ്സല്‍ / പൊതിച്ചോറ് ലഭ്യമാക്കണം.

പഞ്ചായത്തിലെ നിര്‍ധന, അഗതി കുടുംബങ്ങള്‍, കിടപ്പ് രോഗികള്‍, ഭിക്ഷാടകര്‍, തുടങ്ങിയവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് സൗജന്യമായി ഭക്ഷണം ലഭ്യമാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇതിനുളള തുക സംഭാവന/സ്പോണ്‍സര്‍ഷിപ്പ് വഴിയോ തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ടില്‍ നിന്നോ ചെലവഴിക്കാവുന്നതാണ്. സൗജന്യ ഭക്ഷണത്തിനര്‍ഹരായവുരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. സൗജന്യ ഭക്ഷണ വിതരണം തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വഴി നടത്തണം.

സര്‍ക്കാര്‍ വകയിരുത്തിയ പദ്ധതി വിഹിതത്തില്‍ നിന്നും കമ്മ്യൂണിറ്റി കിച്ചണ്‍ രൂപീകരണത്തിന് കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ 50,000 രൂപയില്‍ അധികരിക്കാത്ത തുക ധനസഹായം അനുവദിക്കണം. കിച്ചണുകള്‍ വഴി വിതരണം ചെയ്യുന്ന ഓരോ ഊണിനും പത്ത് രൂപ സബ്സിഡിയായി യൂണിറ്റുകള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ നേരിട്ടുനല്‍കണം. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പാലിക്കപ്പെടേണ്ട ആരോഗ്യ നിബന്ധനകള്‍ എല്ലാം കമ്മ്യൂണിറ്റി കിച്ചണുകളും പാലിക്കണം.

കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യക്ഷമമായ മേല്‍നോട്ടത്തിന് ഒരു മോട്ടറിങ്ങ് കമ്മറ്റി രൂപീകരിക്കണം. തദ്ദേശ സ്ഥാപന അദ്ധ്യഷന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, കുടുംബശ്രീ ചുമതലയുളള ഉദ്യോഗസ്ഥന്‍, മെമ്പര്‍ സെക്രട്ടറി, വാര്‍ഡ് അംഗം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സന്നദ്ധ പ്രവര്‍ത്തകന്‍, തദ്ദേശ സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി എന്നിവര്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കണം. കമ്മ്യൂണിറ്റി കിച്ചണുകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ എസ്റ്റാബ്ളിഷ്മെന്റ് പെര്‍മിറ്റ് ലഭിക്കാനുളള നടപടികള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ മുഖേനെ ഏപ്രില്‍ ഒന്നിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. (ഉത്തരവ് നമ്പര്‍: സ.ഉ.(സാധ). നം.713/2020/ത.സ്വ.ഭ.വ)