വെണ്ണല ഗവ. ഹൈസ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി വി. ശിവന്‍കുട്ടി
എറണാകുളം ജില്ലയിലെ വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. കൊച്ചി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെണ്ണല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍, ഫിസിക്‌സ് കെമിസ്ട്രി, ബോട്ടണി ലാബുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയം. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.സി സ്‌കൂളുകളിലെയുമടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വെണ്ണല ഗവ. ഹൈസ്‌കൂളില്‍ നടത്തിയിരിക്കുന്നത്. കോളേജുകളുടെ നിലവാരത്തിലുള്ള ലാബുകളാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ശക്തി പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.