ജൽ ജീവൻ മിഷൻ പദ്ധതി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം
ഇടുക്കി ജില്ലയിലെ നിർമ്മാണ തടസ്സങ്ങൾ മാറുന്നു: മന്ത്രി റോഷി അഗസ്റ്റിൻ
ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഇടുക്കി പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്നു. പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. 7618.54 ലക്ഷം രൂപ ചെലവഴിച്ചാണ് പാമ്പാടുംപാറയിൽ 4998 കുടിവെള്ള കണക്ഷനുകൾ നൽകുന്നത്.
അഞ്ചുരുളി ജലാശയമാണ് പദ്ധതിയുടെ സ്രോതസ്. അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം.എൽ.ഡി ശുദ്ധീകരണ പ്ലാന്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചക്കക്കാനം പൂവേഴ്സ് മൗണ്ട്, ഈടൻ ഗാർഡൻ, പാമ്പാടുംപാറ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജല സംഭരണികളിലെത്തിക്കുകയും അവിടെനിന്നും വിവിധ അളവുകളിലുള്ള വിതരണ ശ്രിംഖല വഴി പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷൻ നൽകി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി. പാമ്പാടുംപാറ പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കലും കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടമെന്ന നിലവിൽ ആരംഭിക്കുന്നത്.
പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ 2 സോണുകളാക്കി തിരിച്ച് 185 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖലകൾ സ്ഥാപിച്ച് 4996 കണക്ഷനുകൾ നൽകും. 2024 ഓടെ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജൽ ജീവൻ മിഷനിലൂടെ ബ്രഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു.