വരയുത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

post

500 സ്‌കൂളുകളെ ഈ അധ്യയനവർഷം മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകൾ

ആക്കും: മന്ത്രി

സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കങ്ങഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ അധ്യയന വർഷത്തിൽ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളം വഴി സംസ്ഥാനത്തെ 500 പ്രീ പ്രൈമറി സ്‌കൂളുകൾ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 50 പ്രീ പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റിക്കഴിഞ്ഞു.

വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ പ്രീ പ്രൈമറി മേഖലയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളും വികാസആവശ്യങ്ങൾക്ക് അനുയോജ്യമായ കളി ഉപകരണങ്ങളും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വരകളിലൂടെ ഭാഷാവികാസത്തിലേക്കും ഗണിതാശയത്തിലേക്കും സമഗ്രവികാസത്തിലേക്കും കുട്ടികളെ ശാസ്ത്രീയമായി എത്തിക്കുകയാണ് വരയുത്സവം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.