കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി

post

നിയമഭേദഗതി സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു പുതിയ ദിശാബോധം നൽകുന്നത്: മന്ത്രി വി.എൻ. വാസവൻ

കേരളത്തിലെ സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനും, സഹകരണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ കേരള സഹകരണ സംഘം സമഗ്ര ഭേദഗതി ബില്ലിന് കേരള നിയമസഭ ഏകകണ്ഠമായി അംഗീകാരം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 50 വർഷങ്ങൾ പിന്നിട്ട 1969 കേരള സഹകരണ നിയമത്തിൽ സമഗ്രമായ ഭേദഗതികളാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായ്പാ സംഘങ്ങളിൽ ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം വ്യവസ്ഥ, പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ, യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്‌ട്രേറ്റീവ് ആഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ടിത അക്കൗണ്ടിംഗും ആഡിറ്റും, ടീം ആഡിറ്റ് തുടങ്ങിയവ നിർവചനങ്ങളായും വിവിധ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്ന് തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്ന് ഭേദഗതി നിയമം 17- സഹകരണ നിയമം വകുപ്പ് 28 ഉപവകുപ്പ് 2A ആയി പുതിയ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉറപ്പുവരുത്തി.

നിലവിൽ വായ്പാ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക് മുകളിലുള്ള തസ്തികകളിലെ നിയമനം സഹകരണ പരീക്ഷാ ബോർഡ് മുഖേനയാണ് നടത്തിയിരുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ സംഘങ്ങളുടെയും ജൂനിയർ ക്ലാർക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷാ ബോർഡിന് നൽകുന്നതിന് നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിലവിലുണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം നാല് ശതമാനമായി ഉയർത്തി. ഒ.ബി.സി വിഭാഗങ്ങൾക്ക് സഹകരണമേഖലയിലെ സ്ഥാപനങ്ങളിലേക്കു പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് നിലവിൽ പൊതു സംവരണ വ്യവസ്ഥ ബാധകമാണ്. ഇതു പ്രാഥമിക സംഘങ്ങൾക്ക് കൂടി ബാധകമാക്കുന്നത് സംബന്ധിച്ച് ആവശ്യമായ പഠനങ്ങൾ നടത്താൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി സഹകരണമേഖലയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഭരണസമിതിക്കു പകരമായി നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ അതത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള നിലവിലെ 90 ദിവസമെന്ന കാലാവധി 60 ദിവസമായി നിജപ്പെടുത്തി. സഹകരണസംഘങ്ങൾ വസ്തുജാമ്യത്തിന്മേൽ നൽകുന്ന വായ്പകൾക്ക് ഈടുവസ്തുക്കളുടെ മൂല്യനിർണ്ണയം നടത്തുന്നതിനും, സംഘങ്ങളുടെ ആവശ്യത്തിനായി വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വ്യക്തമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഘങ്ങളിലെ ഭരണസമിതിയിൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 40 വയസിന് താഴെയുള്ള ഒരു വനിതയ്ക്കും മറ്റൊരു വ്യക്തിക്കും ഭരണസമിതികളിൽ സംവരണം ഉറപ്പാക്കി. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന വ്യവസ്ഥകളും ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങൾ പോലീസിനും അഴിമതി നിരോധന വകുപ്പിലെ വ്യവസ്ഥ പ്രകാരമുള്ള അന്വേഷണത്തിനായി നേരിട്ട് നൽകുന്നതിനും അന്വേഷണങ്ങൾ തീർപ്പാക്കുന്നതിനുള്ള കാലപരിധി കുറയ്ക്കുന്നതിനും നഷ്ടോത്തരവാദം തിട്ടപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ ആർബിട്രേഷൻ നടപടികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സഹകരണ ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫീസറായി ജുഡീഷ്യൽ സർവ്വീസിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സഹകരണ മേഖലയുടെ പുരോഗതിക്കായി ആവശ്യമെങ്കിൽ നിലവിലുള്ള സംഘങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഘങ്ങളുടെ കീഴിൽ മറ്റ് നിയമവ്യവസ്ഥയ്ക്ക് വിധേയമായി അനുബന്ധ സ്ഥാപനങ്ങൾ ഇനി മേൽ ആരംഭിക്കാൻ പാടില്ലാ എന്നും നിലവിലുള്ള അനുബന്ധ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനു കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും അനുബന്ധസ്ഥാപനങ്ങളുടെ കണക്കുകൾ സംഘം പൊതുയോഗത്തിൽ അവതരിപ്പിക്കുന്നതിനും അനുബന്ധ സ്ഥാപനങ്ങൾക്ക് സഹകരണ ആഡിറ്റ് നിർബന്ധമാക്കിയുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാദ്ധ്യത സംഘം പൊതുയോഗത്തിൽ അവതരിപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

2022 ഡിസംബർ 12നു സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിയമ സഭയിൽ അവതരിപ്പിച്ച ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്കായി നൽകുകയും, സെലക്ട് കമ്മറ്റി കേരളത്തിലെ 14 ജില്ലകളിലും സഹകാരികളുടേയും പൊതുജനങ്ങളുടേയും നിർദ്ദേശങ്ങൾക്കായി തെളിവെടുപ്പ് നടത്തുകയും, സഹകരണ ജീവനക്കാർ, സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പ്രമുഖ സഹകാരികൾ, സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞും, മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ നിയമങ്ങളിലെ വ്യവസ്ഥകൾ പരിശോധിച്ചും മഹാരാഷ്ട്രയിലെ സഹകരണ നിയമം സംബന്ധിച്ചു. സഹകരണ മേഖലയുടെ പ്രവർത്തനം സംബന്ധിച്ചു സെലക്ട് കമ്മറ്റി നേരിട്ട് മനസിലാക്കിയതിന്റേയും അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് ഭേദഗതി നിയമം നിയമസഭാ അംഗീകരിച്ചിട്ടുള്ളത്. സഹകരണ വകുപ്പ് മന്ത്രി ചെയർമാനായും 14 എം.എൽ.എ മാരും അടങ്ങിയ 15 അംഗം സെലക്ട് കമ്മറ്റി 15 ൽ അധികം സിറ്റിംഗുകൾ നടത്തുകയും ഭേദഗതി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയാണ് നിയമത്തിന് അന്തിമ രൂപം നൽകിയത്.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.