വയനാട്ടിലെ കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്ക്

post

വയനാട് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകള്‍ അവധി ദിവസങ്ങളില്‍ വിട്ടുനല്‍കാന്‍ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കി.

കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെൻഡർ, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാകള്‍ കൊണ്ടുവരണം ഇത് പങ്കുവെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്‌കൂള്‍ മാറും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 20 വരെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. ഒക്ടോബര്‍ 1നും ഡിസംബര്‍ 10നും ഇടയിലാണ് പദ്ധതി നടപ്പിലാക്കുക. പഠിതാക്കള്‍ രാവിലെ 9.30ന് നിശ്ചയിക്കപെട്ട സ്‌കൂളില്‍ എത്തണം തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്‌കൂളില്‍ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെപഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരികെ സ്‌കൂള്‍ വിജയിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ കുടുംബശ്രീ മിഷന്‍ തുടങ്ങി. ജില്ലാതല റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 19, 20 തീയതികളിൽ പരിശീലനം ബ്ലോക്ക് തലത്തില്‍ നടക്കും. ഒക്ടോബര്‍ 1ന് എല്ലാ പഞ്ചായത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ച് ക്ലാസുകള്‍ ആരംഭിക്കും. ക്യാംപയിന്‍ വിജയിപ്പിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അറിയിച്ചു.