ജില്ലയില്‍ ഇനി 'ഡോക്ടര്‍ ഓണ്‍ലൈന്‍'

post

ആലപ്പുഴ : ഡോക്ടര്‍ ഇന്‍, ഡോക്ടര്‍ ഔട്ട് തുടങ്ങിയ ബോര്‍ഡുകള്‍ കണ്ട് പരിചയിച്ച ആലപ്പുഴയിലെ രോഗികളെത്തേടി പുതുതായി എത്തുകയാണ് 'ഡോക്ടര്‍ ഓണ്‍ലൈന്‍'. ജില്ലാ മെഡിക്കല്‍ ഓഫീസും ആലപ്പുഴ മെഡിക്കല്‍ കോളേജും ജില്ല ഭരണകൂടവും ചേര്‍ന്ന് ഓണ്‍ ലൈനില്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യമൊരുക്കുകയാണ് ' ഡോക്ടര്‍ ഓണ്‍ലൈന്‍' പദ്ധതി വഴി. ഡോക്ടറെ നേരില്‍ കാണാന്‍ പോകാന്‍ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതര്‍ക്കും ഓണ്‍ലൈന്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന് സൗകര്യമുണ്ട്.

രോഗികള്‍ ആദ്യം ചെയ്യേണ്ടത് 04772961576 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ്. ഈ നമ്പറില്‍ വിളിക്കുമ്പോള്‍ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നല്‍കണം. ഇത് കഴിഞ്ഞാല്‍ അസുഖവുമായ ബന്ധപ്പെട്ട ഡോക്ടര്‍ നിങ്ങളെ തിരിച്ചുവിളിക്കും. വാട്ട്‌സ് ആപ്പ് കോള്‍ വഴിയാണ് ഡോക്ടര്‍ ബന്ധപ്പെടുക. ഡോക്ടര്‍ വിവരങ്ങള്‍ എല്ലാം കേട്ട ശേഷം മരുന്ന് നല്‍കാവുന്ന കേസാണെന്ന് ബോധ്യപ്പെട്ടാല്‍ മരുന്ന് അപ്പോള്‍ തന്നെ നിര്‍ദ്ദേശിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ തന്നെ നല്‍കും. നേരിട്ട് കാണേണ്ട സാഹചര്യത്തില്‍ അതും പറയും. രോഗിയുമായി ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടര്‍ അദ്ദേഹത്തിന്റെ സമയക്രമമനുസരിച്ചായിരിക്കും തിരിച്ച് ബന്ധപ്പെടുക. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും ഡോക്ടറെ കാണാന്‍ നേരിട്ട് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, റെസ്പിറേറ്ററി മെഡിസിന്‍, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, സര്‍ജറി, നെഫ്‌റോളജി, ഓണ്‍കോളജി,ഡെര്‍മറ്റോളജി, സൈക്കാട്രി, ഓര്‍ത്തോ, ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍, റേഡിയോതെറാപ്പി, യൂറോളജി, സി.വി.ടി.എസ്. തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.