കാട്ടാക്കട മണ്ഡലത്തിന് നവീകരിച്ച നാല് റോഡുകൾ കൂടി

post

കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിലെ നവീകരിച്ച റോഡുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒരു മണ്ഡലത്തിലെ അഞ്ച് പി.ഡബ്ല്യൂ.ഡി റോഡുകളുടെ ഉദ്ഘാടനം ഒരു ദിവസം ചെയ്യാൻ കഴിയുന്നതിൽ അതിയായ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ കാഴ്ച്ചക്കാരല്ല, കാവൽക്കാരണ്. കൃത്യമായ ദീർഘവീക്ഷണത്തോടെ രാജ്യത്തെ ഏറ്റവും മികച്ച നിലവാരത്തിലാണ് കേരളത്തിലെ റോഡുകൾ നവീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായി.

തച്ചോട്ടുകാവ്- മങ്കാട്ടുകടവ് റോഡ്, വിളവൂർക്കൽ-പിടാരം റോഡ് എന്നിവയാണ് വിളവൂർക്കൽ പഞ്ചായത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്ത റോഡുകൾ. തച്ചോട്ടുകാവ് ജംഗ്ഷനിൽ നിന്നും തിരുമല, പൂജപ്പുര എന്നീ പ്രധാന ജംഗ്ഷനുകളിലേക്ക് എത്തുന്നതിനുള്ള റോഡാണ് തച്ചോട്ടുകാവ്- മങ്കാട്ടുകടവ് റോഡ്. 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.50 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബി.എം ബി.സി ചെയ്ത‌ാണ് ഇരു റോഡുകളുടെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇതോടെ വിളവൂർക്കൽ പഞ്ചായത്തിലെ മുഴുവൻ റോഡും ബി.എം ബി.സി ചെയ്തതായി. കൂടാതെ റോഡുകളിൽ ട്രാഫിക് സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കാട്ടാക്കട നെടുമങ്ങാട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം- മണ്ണയം റോഡ്. 2020-21 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബി.എം ബി.സി ചെയ്ത ഈ റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു. 2.5 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച വിളപ്പിൽ പഞ്ചായത്തിലെ തന്നെ നെടുംകുഴി- ഇടമല റോഡും മന്ത്രി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ കൊല്ലംകോണം- പുളിയറക്കോണം- വെള്ളൈക്കടവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുക.