'ഹരിതം ആരോഗ്യം': മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ പരിശോധന നടത്തി

post

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.

ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 33 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവും ക്യാമ്പില്‍ പരിശോധിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും കാന്‍സര്‍ സ്‌ക്രീനിംഗിനെപറ്റിയും അജൈവ മാലിന്യ ശേഖരണത്തിന് പോവുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. 

മേപ്പാടി എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അര്‍ജുന്‍ അധ്യക്ഷത വഹിച്ചു.