വൈജ്ഞാനിക നൂതന സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കും: മുഖ്യമന്ത്രി

post

കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ഒരു വൈജ്ഞാനിക നൂതന സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ജില്ലയിലെ കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക രംഗത്തും ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഐ.ടി അധിഷ്ഠിത അധ്യയനത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പരിശീലനം അധ്യാപകര്‍ക്ക് ലഭ്യമാക്കി. കുട്ടികളില്‍ ഗവേഷണ താല്‍പര്യം ഉണര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുസാറ്റുമായി ചേര്‍ന്ന് സ്ട്രീം എക്കോസിസ്റ്റം പദ്ധതിക്കു തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഹൈടെക് ക്ലാസ്മുറികള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് ജീസ്യൂട്ട് പദ്ധതിയും നടപ്പാക്കി. ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാന്‍ 1,500 സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. അര്‍ഹരായ കുട്ടികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, എസ്‌കോര്‍ട്ട് അലവന്‍സ്, റീഡിങ് അലവന്‍സ് എന്നിവയും കാഴ്ചപരിമിതരായ കുട്ടികള്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളും നല്‍കിവരുന്നു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വ്വെയും 168 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ശാരീരിക അവശത മൂലം സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ പൊതുവിദ്യാഭ്യാസരംഗത്ത് അനുകരണീയമായ നിലയില്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാകിരണം പദ്ധതി മുഖേന 47,613 ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി മുഖേന 16,500 ലാപ്‌ടോപ്പുകളും കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് നല്‍കി. മലയോര പിന്നോക്ക മേഖലകളില്‍ മാത്രം 45,710 ഡിജിറ്റല്‍ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇതിന്റെയൊക്കെ ഫലമായാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സില്‍ കേരളം ഒന്നാമതെത്തിയത്. നീതി ആയോഗ് നടത്തിയ സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സിലും, ഐക്യരാഷ്ട്ര സഭയും നീതി ആയോഗും നടത്തിയ സസ്റ്റെയ്‌നബിള്‍ ഡവലപ്പ്‌മെന്റ് ഗോള്‍സ് (എസ്.ഡി.ജി) ഇന്ത്യ ഇന്‍ഡക്‌സിലും കേരളം ഒന്നാമതെത്തി. ഈ നേട്ടങ്ങളെ കൂടുതല്‍ ഔന്നത്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളുടെ ആധുനികവത്ക്കരണത്തില്‍ കേരളം ഏറെ മുന്നിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തിയത്. തുല്യതയില്‍ ഊന്നിയ ഗുണമേന്മാ വിദ്യാഭ്യാസം ലഭ്യമാക്കാനും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏവര്‍ക്കും എളുപ്പത്തില്‍ വിദ്യാഭ്യാസം പ്രാപ്യമാക്കാനും ഇത് കാരണമായി. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ പോലും ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങാതിരുന്നത് ഇത്തരം ഇടപെടലുകളുടെ ഫലമായാണ്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷമായി. ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനകീയമായ പൊതു ചർച്ചകൾക്കും പഠനങ്ങൾക്കുമൊപ്പം കുട്ടികളുമായും ചർച്ച നടത്തി, കേരളത്തിന്റെ തനിമ നിലനിര്‍ത്തിയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് പാഠ്യപദ്ധതി രൂപീകരിക്കുന്നത്. ചര്‍ച്ചകളിലൂടെയും ടെക് പ്ലാറ്റ്ഫോമിലൂടെയും ലഭിച്ച അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനോടൊപ്പം അധ്യാപക സഹായി, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. കുട്ടികള്‍ക്ക് സ്വയംപഠിക്കാന്‍ കൂടി ഉതകുന്ന തരത്തിലാവും ഡിജിറ്റല്‍ ടെക്സ്റ്റ് വികസിപ്പിക്കുക. കൂടാതെ ഭിന്നശേഷി കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വസ്തുനിഷ്ഠമായി മനസ്സിലാക്കിക്കൊണ്ടല്ലാതെ വിദ്യാഭ്യാസം എന്ന പ്രക്രിയ പൂര്‍ണ്ണമാവില്ല. ചരിത്രബോധവും ശാസ്ത്രബോധവുമില്ലാത്ത ഒരു തലമുറയ്ക്കു രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനാവില്ലെന്ന കാഴ്ചപ്പാടോടെയാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. ജനാധിപത്യബോധവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമാണ് കേരളം. ഈ മൂല്യങ്ങള്‍ നമ്മുടെ പുതുതലമുറയിലേക്കും പകരേണ്ടതുണ്ട്.

കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സംഭവിച്ചിട്ടുള്ള മാറ്റം രാജ്യമാകെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. വന്‍കിട സ്വകാര്യ വിദ്യാലയങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന എല്ലാ സൗകര്യങ്ങളും ഇന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പുരോഗമിച്ചതോടെ വിമര്‍ശകര്‍ പോലും ഇതിന്റെ ഗുണഭോക്താക്കളായി മാറി. പൊതുവിദ്യാലയങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള ഒട്ടേറെ ഇടപെടലുകള്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി സര്‍ക്കാര്‍ നടത്തിവരികയാണ്. അതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

ആറര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യത്തിനിടെ കാഞ്ഞിരപ്പൊയിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ ഉന്നമനത്തില്‍ കാര്യമായ പങ്കുവഹിക്കാന്‍ വിദ്യാലയത്തിനു സാധിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അക്കാദമിക മേഖലയില്‍ മാത്രമല്ല, അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയ്ക്ക് വലിയൊരളവുവരെ പരിഹാരമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നബാര്‍ഡില്‍ നിന്നു ലഭിച്ച രണ്ടു കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഹൈടെക് ക്ലാസ്മുറികള്‍, ഐടി ലാബ്, സയന്‍സ് ലാബ്, സെമിനാര്‍ ഹാള്‍, വിശാലമായ അസംബ്ലി ഹാള്‍ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും സ്‌കൂളിലുണ്ട്. നിലവിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകൾ, രണ്ട് ഹാൾ, രണ്ട് ടോയ്‌ലെറ്റ് തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. കൂടാതെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേജ്, അസംബ്ലി ഹാൾ, പ്രവേശനകവാടം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഇ.ചന്ദ്രശേഖരൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. കെ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.