മടിക്കൈ പഞ്ചായത്ത് കോഫി - ഫോർ -യു പാഠ്യപദ്ധതി പുസ്തക പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

post

കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് നടപ്പാക്കുന്ന കോഫി - ഫോർ -യു പാഠ്യപദ്ധതിയുടെ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മടിക്കൈ ജി.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ നടന്ന ചടങ്ങിൽ നാലാം തരം വിദ്യാർഥിനി ആര്യാനന്ദ പുസ്തകം ഏറ്റുവാങ്ങി.

ഞാനും എന്റെ മലയാളവും മാതൃകാ പദ്ധതിക്ക് ശേഷം കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ മടിക്കൈ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് കോഫി ഫോർ യു. നാലാം ക്ലാസിലെ കുട്ടികൾക്കായാണ് പാഠ്യപദ്ധതി നടപ്പാക്കുന്നത്. രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനമാണ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുക. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ പത്ത് സ്കൂളുകളിൽ പദ്ധതി നടപ്പാക്കും.

ഇ.ചന്ദ്രശേഖരൻ എം.എൽ.എ, കെ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മുൻ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.