കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ സ്റ്റേഡിയവും

യുവ തലമുറയെ കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി ഉപയോഗത്തിൽ നിന്നും അകറ്റണം: മുഖ്യമന്ത്രി
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും യുവ തലമുറയെ അകറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുക. മൂന്ന് ഫുട്ബോൾ അക്കാദമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.
പഞ്ചായത്തുകളിലെ ഓരോ വാർഡിലും കളിക്കളം ഒരുക്കും. പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ സവിശേഷമായാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മെഡിക്കൽ കോളേജിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഇനിയും അത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ മലബാറിൽ നിർമിക്കുന്ന ലോക നിലവാരത്തിലുള്ള ആദ്യത്തെ സിന്തറ്റിക്ക് ട്രാക്കാണിത്. ഇതിനായി ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. ഐ.എ.എ.എഫ് സ്റ്റാൻഡേർഡ് എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക് ജമ്പിംഗ് പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്, കാണികൾക്കായുള്ള പവലിയൻ, കായിക താരങ്ങൾക്ക് വസ്ത്രം മാറാനുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഇവിടെയുള്ളത്.
എം.എൽ.എ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ പുൽമൈതാനം സജ്ജമാക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ന്യൂഡൽഹി സിൻകോട്ട് ഇന്റർനാഷണലാണ് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതോടെ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം നാലായി. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.