കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികൾ ആരംഭിച്ചു

post

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലുക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന പഴയങ്ങാടി - ബ്ലോക്ക് ഓഫീസ് റോഡ് വീതികൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. 44 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ 36 കോടി രൂപ അനുവദിച്ചു.

കിഫ്ബി നിബന്ധനക്കനുസരിച്ച് റോഡിന് പത്ത് മീറ്റർ വീതി കൂടി ആവശ്യമാണ്. നിലവിൽ റോഡിന് വീതി കുറവായതിനാൽ കുറവുള്ള ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുമായി സർവകക്ഷി പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഭൂമി വിട്ട് നൽകുന്നതിന് തയ്യാറായിട്ടുണ്ട്. പ്രവൃത്തി ഏറ്റെടുത്ത ഇൻകെലിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി റോഡ് അളന്ന് ആവശ്യമായി വരുന്ന സ്ഥലം മാർക്ക് ചെയ്തു. റോഡിന് ആവശ്യമായ സ്ഥലം ലഭിക്കുന്നതോടെ ആശുപത്രി കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിക്കാൻ കഴിയും.

ടി.വി ഇബ്രാഹീം എം.എൽ.എ, നഗരസഭാ ചെയർ പേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റാബി, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, എം മൊയ്തീൻ അലി, മിനി മോൾ, റംല കൊടവണ്ടി കൗൺസിലർ സാലിഹ് കുന്നുമ്മൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി.എ ലത്തീഫ്, ചേറങ്ങാടൻ ഷംസു, അബ്ദുറഹിമാൻ എന്ന ഇണ്ണി, ഇൻകൽ ഉദ്യോഗസ്ഥരായ സീനിയർ പ്രൊജക്ട് ഡയറക്ടർ ജാഫർഖാൻ, പ്രൊജക്ട് ഡയറക്ടർ ഷാനിത, മാനേജർ കൃഷ്ണരാജ് , താലൂക്ക് ആശുപത്രി ഡോക്ടർ ബാബു, അബ്ദു റഊഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.