കുടിവെള്ളത്തിനായി ഇനി നെട്ടോട്ടം ഓടണ്ട; ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി

post

കുടിവെള്ളത്തിനായി നെട്ടോട്ടം ഓടിയിരുന്ന തൃശൂർ കൈപ്പറമ്പ് ലക്ഷംവീട് നിവാസികള്‍ക്ക് കുടിവെള്ളം ഇനി കിട്ടാക്കനിയല്ല. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതിയിലൂടെ കൈപ്പറമ്പ് ലക്ഷംവീട് നിവാസികളുടെ കുടിവെള്ളമെന്ന പ്രാഥമിക ആവശ്യത്തിന് ശ്വാശ്വത പരിഹാരമാവുകയാണ്.

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കെ.ആര്‍ നാരായണന്‍ എസ്.സി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതോടെ ലക്ഷം വീട് നിവാസികള്‍ക്ക് ഇനി കിണറില്‍ നിന്ന് വെള്ളം കോരിയും തളരണ്ട. വേനല്‍ കാലങ്ങളില്‍ എത്തുന്ന വെള്ളം വണ്ടികളില്‍ നിന്നും അടുക്കള പത്രങ്ങളില്‍ ഉള്‍പ്പെടെ ശേഖരിച്ച് നടവഴികളിലൂടെ ചുമലിലേറ്റിയും പോകേണ്ട. പദ്ധതി വഴി മണിക്കൂറില്‍ 6000 ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യാന്‍ സാധിക്കുക. എസ്.സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന കുടിവെള്ള പദ്ധതിയില്‍ 21 ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. അടിസ്ഥാനസൗകര്യ വികസനങ്ങളില്‍ ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി നിരവധി വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ലക്ഷംവീട് പരിസരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിര്‍വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ലീല രാമകൃഷ്ണന്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ലിന്റി ഷിജു, കെ.ബി ദീപക്, വാര്‍ഡ് മെമ്പര്‍മാരായ ബീന, പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.