നാടിന്റെ അഭിമാനമാകാൻ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയം

post

മന്ത്രി കെ. രാധാകൃഷ്ണന്‍ ശിലാസ്ഥാപനം നിർവഹിച്ചു

വയനാടിന്റെ അഭിമാനമാകാൻ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയം വരുന്നു. സുഗന്ധഗിരി ടി.ആര്‍.ഡി.എം പുനരധിവാസ ഭൂമിയില്‍ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിർവഹിച്ചു.

തദ്ദേശീയ സ്വാതന്ത്രസമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി മ്യൂസിയം മാറുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി മ്യൂസിയം വളരണം. ഭാവിയില്‍ മ്യൂസിയം കല്‍പ്പിത സര്‍വ്വകലാശാലയായി മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ തദ്ദേശീയ ജനത നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. വയനാടന്‍ മണ്ണ് ദേശാഭിമാനത്തിന് വേണ്ടി പൊരുതി മരിച്ച ധീരന്മാരുടെ മണ്ണാണ്. ഈ ധീരദേശാഭിമാനികളോടുള്ള ആദരമാണ് ഗോത്രവര്‍ഗ്ഗ സ്വതന്ത്ര സമര സേനാനി മ്യൂസിയം.

ഗോത്ര പാരമ്പര്യ കലകള്‍, വാമൊഴി അറിവുകള്‍, തനത് ഭക്ഷ്യ അറിവുകള്‍, നൈപുണ്യ വൈദഗ്ദ്ധ്യം എന്നിവ പരിപോഷിപ്പിക്കുവാനും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനോന്മുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും മ്യൂസിയത്തിലൂടെ സാധിക്കണമെന്നും മന്ത്രി കെ.രാധാകൃഷ്ണര്‍ പറഞ്ഞു. സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുന്നേറാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് കൂട്ടായ മുന്നേറ്റം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മ്യൂസിയം മാതൃകാ രൂപത്തിന്റെ അനാച്ഛാദനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ. ടി.സിദ്ധിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.


കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ത്താഡ്സ്) കീഴില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം പദ്ധതി നടപ്പിലാക്കുക. വൈത്തിരിയിലെ സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 16.66 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഴശ്ശി കലാപ ചരിത്രത്തില്‍ പഴശ്ശി രാജയോടൊപ്പം പടനയിച്ച തലക്കല്‍ ചന്തുവടക്കുമുള്ള ഗോത്ര സേനാനികള്‍ വിശദമായ ചരിത്രമാണ് മ്യൂസിയത്തില്‍ ഇടം പിടിക്കുന്നത്.

തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുകയും അവരുടെ ജന്മനാടിനായുള്ള ത്യാഗ സ്മരണ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിര്‍മ്മാണ ലക്ഷ്യം. പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് ഉപരിയായി മ്യൂസിയം നിര്‍മ്മാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും (നരേറ്റീവ് ടെക്നിക്സ്) ഉള്‍പ്പെടുന്നതായിരിക്കും നിലവിലെ മ്യൂസിയം. തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളര്‍ച്ച, സാംസ്‌കാരിക പൈതൃകം, കലാ- സാഹിത്യ ആവിഷ്‌കാരങ്ങള്‍, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവ മ്യൂസിയ ത്തിലുണ്ടാകും. ഭാവിയില്‍ തദ്ദേശീയ ജനതയുടെ കല്‍പിത സര്‍വ്വ കലാശാലയാക്കാവുന്ന വിധത്തിലാണ് ആസൂത്രണം. മ്യൂസിയം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ക്യൂറേറ്റര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലവസരങ്ങളും പട്ടികവര്‍ഗക്കാര്‍ ക്കായി മാറ്റിവയ്ക്കും. ആദിവാസി വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. ഗോത്രവിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലിനും വരുമാനത്തിനും മ്യുസിയം അവസരമാകും.

ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.