അഴീക്കോടെ വിദ്യാലയങ്ങള്‍ക്ക് മികവിന്റെ അഴകേകാന്‍ 'മഴവില്ല്'; 10.5 കോടി രൂപയുടെ പദ്ധതികള്‍

post

കുട്ടികളുടെ വ്യത്യസ്ത കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം: സ്പീക്കര്‍

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ ഇനി മികവിന്റെ ഏഴഴകാല്‍ തിളങ്ങും. കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി 'മഴവില്ലി'ന്റെ പദ്ധതി രേഖ പ്രകാശനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.  

വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്തുന്നിടത്താണ് വിജയം. വായനാ ശീലവും ക്ഷമയും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഉന്നതിയിലെത്താം. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹവും സ്വപ്നങ്ങളും വേണം. ചെറുപ്പം മുതല്‍ അഭിമുഖങ്ങളെ നേരിടാന്‍ പഠിക്കണം. മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടുള്ള ഇതര ഭാഷകളിലും പ്രാവിണ്യം നേടണം. ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിന്റെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാനാകില്ല. നമ്മുടെ വിദ്യാഭ്യാസ മേഖല അതിവേഗമാണ് മാറുന്നത്. സ്‌കൂളുകളില്‍ നല്ല ക്ലാസ്മുറികള്‍ മാത്രം പോര, മികച്ച കളിസ്ഥലവും ലാബും ഒക്കെ ഉണ്ടെങ്കിലേ പഠനം ആസ്വാദ്യകരമാകുവെന്നും സ്പീക്കര്‍ പറഞ്ഞു.

'മഴവില്ല്' സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 72 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. 10.5 കോടി രൂപ ചെലവിൽ ഇതിന്റെ ഭൗതീകവും അക്കാദമികവും സാമൂഹ്യവുമായ വികസനമാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസം, വിദ്യാലയം, പൊതുസമൂഹം, പാഠ്യപദ്ധതി എന്നിവയോട് പ്രതിബദ്ധതയുള്ള വിദ്യാലയ സമൂഹത്തെ സൃഷ്ടിക്കും. ഫലപ്രദവും പ്രായോഗികവുമായ അനുഭവങ്ങള്‍ക്കായി ലൈബ്രറികളും ലാബോറട്ടറികളും സജ്ജമാക്കും.

വിദ്യാലയങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കും ലഹരിയും തുടച്ച് നീക്കും. വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കുകയും മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ടാക്കുകയും ചെയ്യും. കലാകായിക മേളയില്‍ മികവ് തെളിയിക്കാനുഉള്ള പരിശീലനം നല്‍കും. വിദ്യാലയ പരിസരം പൂര്‍ണ്ണമായി പരിസ്ഥിതി സൗഹൃദമാക്കുകയും കുട്ടികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുകയും ചെയ്യും. ക്ലാസ് മുറിയെ ജനാധിപത്യവല്‍ക്കരിക്കും. ഉദ്യാനങ്ങളും കളിക്കളങ്ങളും ഒരുക്കുന്നതിനൊപ്പം ഭാഷാനൈപുണിയും ഗണിതശേഷിയും വികസിപ്പിക്കും. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാന്‍ സമഗ്രമായ ആരോഗ്യ പോഷകാഹാര പരിപാടികളും സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ തൊഴില്‍പരമായ നൈപുണി വളര്‍ത്തിയെടുക്കും.

സര്‍ക്കാര്‍, എം.എല്‍.എ, എല്‍.എസ്.ജി, പി.ടി.എ, സ്‌പോണ്‍സര്‍ഷിപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുക. മണ്ഡല തലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതി, പഞ്ചായത്ത് തലത്തില്‍ ഉപസമിതി, സബ്ജില്ലാതല വിദ്യാഭ്യാസ സമിതി, വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ വികസന സമിതി എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ദയ അക്കാദമി നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും സ്പീക്കര്‍ നിര്‍വ്വഹിച്ചു.