കരകൗശല തൊഴിലാളികൾക്ക് സംരംഭങ്ങള്‍ തുടങ്ങാൻ ആഷ പദ്ധതി

post

കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആഷ പദ്ധതി. കരകൗശല മേഖലയില്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി മുഖേന കരകൗശല സംരംഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) ഗ്രാന്റ് നല്‍കും.

വനിതകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സംരംഭകര്‍, യുവാക്കള്‍ (പ്രായപരിധി 18-45) എന്നീ പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കുന്ന കരകൗശല സംരംഭങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) ഗ്രാന്റ് നല്‍കും. ഇതര സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കപ്പെട്ടിട്ടുളളവരാണെങ്കില്‍ ആ തുക കിഴിച്ച് ബാക്കി അര്‍ഹമായ തുക പദ്ധതി പ്രകാരം ലഭ്യമാക്കും. വര്‍ക്ക് ഷെഡ് നിര്‍മ്മാണം, പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുക, വൈദ്യുതീകരണം നടത്തുക, ടെക്‌നോളജി, ഡിസൈന്‍ കരസ്ഥമാക്കുക എന്നിവക്കായി ചെലവഴിക്കുന്ന തുക ഗ്രാന്റിനായി പരിഗണിക്കും.

അപേക്ഷ നല്‍കേണ്ട വിധം

താത്പര്യമുള്ളവര്‍ അപേക്ഷകന്‍ ഒപ്പിട്ട നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, യുവ സംരംഭകന്‍ ആണെങ്കില്‍ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയുടെ പകര്‍പ്പ്, ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരാണെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്രോജക്ട് റിപ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മെഷിനറികളുടെ ബില്ലുകളുടെയും പേമെന്റ് പ്രൂഫിന്റെയും (ക്യാഷ് രസീതുകള്‍) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വര്‍ക്ക് ഷെഡ് ക്ലെയിം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പ്ലാനും എസ്റ്റിമേറ്റും എന്നിവ സഹിതമുള്ള അപേക്ഷ ബ്ലോക്ക്/താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസര്‍ക്ക് നല്‍കണം.

ഗ്രാന്റ് കൈപ്പറ്റിക്കഴിഞ്ഞാല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം സ്ഥാപനം പ്രവര്‍ത്തിച്ചിരിക്കണം. കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ആരംഭിക്കേണ്ടത്. സംരംഭം തുടങ്ങി ആറു മാസത്തിനുള്ളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കുന്നതിന് പ്രത്യേക ഫീസ് ഇല്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല. സംരംഭകന്‍ കരകൗശല തൊഴിലാളിയായിരിക്കണം. അപേക്ഷകര്‍ക്ക് ആര്‍ട്ടിസാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ബാങ്ക് വായ്പ എടുക്കാതെ സ്വന്തം നിലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.