വികസന മുന്നേറ്റത്തിനായി പരപ്പ; ഏഴ് ദിവസം നീളുന്ന പരിപാടികൾക്ക് ഒക്ടോബർ 3ന് തുടക്കം

post

കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ വിവിധ മേഖലകളിൽ വികസനം മെച്ചപ്പെടുത്തുന്നതിനായി ഒക്ടോബർ 3 മുതൽ 9 വരെ 'സങ്കല്പ് സപ്താഹ്' എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിയുടെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര പദ്ധതി നടത്തിപ്പിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽകരണ ക്യാമ്പുകൾ, പ്രദർശന മേളകൾ, മത്സരങ്ങൾ, റാലികൾ, ആരോഗ്യ ക്യാമ്പുകൾ, സെമിനാറുകൾ, തുടങ്ങിയ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഒക്ടോബർ 3ന് പൂടങ്കല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികൾ നടക്കും. ആരോഗ്യ ക്യാമ്പുകളും ബോധവൽകരണ പരിപാടികളും നടത്തും.

പോഷൻ മേള എന്ന പേരിൽ ഒക്ടോബർ 4ന് ബ്ലോക്ക്തല അങ്കണവാടികൾ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വനിത ശിശു വികസന വകുപ്പ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ശുചിത്വ മേഖലയിലെ മുന്നേറ്റത്തിനായി ഒക്ടോബർ 5ന് ബ്ലോക്ക്തലത്തിലും പ്രാദേശികതലത്തിലും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഉറവിട മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള അവബോധം നൽകൽ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രദർശനം, ഹരിത കർമ സേനാ സംഗമം തുടങ്ങിയവ നടക്കും.

ഒക്ടോബർ 6ന് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ച് കൃഷി വകുപ്പ് ശില്പശാല സംഘടിപ്പിക്കും. മണ്ണ് പരിശോധന ക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും തുടങ്ങിയവും ഇതിന്റ ഭാഗമായി ഉണ്ടാവും.

ഒക്ടോബർ 7ന് വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികൾ. എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്ക് വിവിധ മത്സര പരിപാടികൾ നടത്തും.

ഒക്ടോബർ 8ന് സമാപന യോഗം ചേരും. വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും. ജില്ലാ കളക്ടർ, ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സജ്ജമാക്കും. വിപുലമായ ഘോഷയാത്ര നടത്താനും യോഗത്തിൽ തീരുമാനിച്ചു.