മാലിന്യമുക്തം നവകേരളം: ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി

മാലിന്യമുക്തം നവകേരളം കാമ്പയ്നിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരപരിധിയിലുള്ള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ സ്പെഷ്യൽ എൻഫോസ്‌മെന്റ് സ്‌ക്വാഡും തൊടുപുഴ നഗരസഭ ഹെൽത്ത് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഹോട്ടലുകളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അജൈവപാഴ് വസ്തുക്കൾ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഡിസ്പോസിബിൾ സാധനങ്ങൾ വിൽപ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധന. മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.
59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 13 സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതും 4 സ്ഥാപനങ്ങളിൽ നിന്നും മാലിന ജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നതും കണ്ടെത്തി. 15 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആണ് പിടിച്ചെടുത്തത്.
എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ സി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് വി ഡി, എൻ എച് പ്രജീഷ് കുമാർ, ദീപ പി വി, സുനിൽകുമാർ എം ജി ജൂനിയർ സൂപ്രണ്ട്,മാനുവൽ ജോസ് സീനിയർ ക്ലാർക്ക്, വിനീത്കെ വിജയൻ ക്ലർക്ക്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ എസ് മൊയ്തീൻ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.