തോണിപ്പാറ - നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

post

തൃശൂർ ജില്ലയിലെ വലക്കാവ് - തോണിപ്പാറ - നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള പൊതുമരാമത്ത് റോഡുകളുടെ ദൈർഘ്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഒല്ലൂർ നിയോജക മണ്ഡലം മുമ്പിലാണെന്ന് മന്ത്രി പറഞ്ഞു.

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 50 കിലോമീറ്റർ ബിഎം ആന്റ് ബിസി ആയിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകമാനം 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആന്റ് ബിസി ആക്കാനുള്ള കഠിനപ്രയത്നത്തിലാണ് സർക്കാർ. ഒല്ലൂർ മണ്ഡലത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട ക്രിയാത്മക കാര്യങ്ങളെ കാര്യക്ഷമമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴുമാസമാണ് വലക്കാവ് - തോണിപ്പാറ - നാലുകെട്ട് റോഡിന്റെ നിർമ്മാണ കാലാവധി. എന്നാൽ കാലാവധിക്കും മുൻപു തന്നെ റോഡ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്കിന് ആവശ്യമായുള്ള കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് പറഞ്ഞ മന്ത്രി മണ്ഡലത്തിലെ ടൂറിസം - പൊതുമരാമത്ത് മേഖലയിലെ കുതിപ്പിന് ഒപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. ജില്ലയിലെ വിവിധ പ്രശ്നങ്ങൾ മേഖലാ യോഗത്തിൽ ചർച്ച ചെയ്തു. ഇതൊരു പുതിയ ചുവടുവെപ്പാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയായി നവ കേരള സദസ്സ് നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ 140 മണ്ഡലങ്ങളും സന്ദർശിച്ച് പ്രശ്നപരിഹാരങ്ങൾ കണ്ടെത്തും. ഡിസംബർ അഞ്ചിന് ഒല്ലൂരിൽ നവ കേരള സദസ്സ് നടക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് രംഗത്ത് കേരളത്തിൽ അത്ഭുതകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തോണിപ്പാറയിൽ നിന്നും കുരിശുമൂല വരെയുള്ള സുവോളജിക്കൽ പാർക്കിലേക്കുള്ള രണ്ടു കിലോമീറ്റർ ഓളം ദൈർഘ്യം വരുന്ന റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള എല്ലാ വഴികളും ബിഎം ആന്റ് ബിസി ആക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.