സുൽത്താൻ ബത്തേരി സര്‍വജന സ്‌കൂളിൽ നിര്‍മ്മിച്ച ഹൈടെക് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ശ്രദ്ധ: മന്ത്രി വി. ശിവന്‍കുട്ടി
സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരിയിലെ ഗവ. സര്‍വജന വോക്കേഷണൽ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ആധുനിക ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു. 15 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 3 ബോയ്‌സ് ടോയ്ലറ്റ്, 3 ഗേള്‍സ് ടോയ്‌ലറ്റ് ബ്ലോക്ക്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ സജ്ജമായത്. 3.27 കോടി രൂപ ചെലവിലാണ് മൂന്നുനില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 2 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പും ഒരു കോടി രൂപ കിഫ്ബിയുമാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചത്. നഗരസഭയുടെ 25 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിര്‍മ്മാണം, ഫയര്‍ സേഫ്റ്റി, മുറ്റം ഇന്റര്‍ലോക്ക് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് സൗകര്യം, അത്യാധുനിക ലൈബ്രറി, കായിക പരിശീലനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭാസം നല്‍കുന്നതോടൊപ്പം അവരുടെ കലാ കായിക രംഗത്തെ കഴിവ് വര്‍ദ്ധിപ്പിക്കാനും ശ്രദ്ധിക്കണം. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
സര്‍വജന സ്‌കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വിയോഗം ഏറെ വേദനിപ്പിച്ചെന്നും വിദ്യാലയങ്ങളില്‍ അത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. 3800 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് അധ്യാപകര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സ്‌കില്‍ ഷെയര്‍ 23 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹാപ്പിനസ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു.