ഹരിത വിദ്യാലയ അംഗീകാരത്തില്‍ വരടിയം ഗവ. യു.പി സ്‌കൂള്‍

post

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരു മികച്ച മാതൃകയാണ് തൃശൂർ ജില്ലയിലെ വരടിയം ഗവ. യു.പി സ്‌കൂള്‍. സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ദേശീയ നിലവാരമുള്ള മാതൃക. നവകേരളം വൃത്തിയുള്ള കേരളം സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളാക്കി മാറ്റുകയാണ്.

പൊതു ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ വരടിയം ഗവ. യു.പി സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, കളിയിടങ്ങള്‍, അറിവിന്റെ ആകാംക്ഷ നല്‍കുന്ന ചുമര്‍ ചിത്രങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ട്രെയിന്റെയും ഓലപ്പുരയുടെയും മാതൃകകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമായി ഒരു അന്തര്‍ദേശീയ അത്യാധുനിക മാതൃകയാണ് ഗവ. വരടിയം യുപി സ്‌കൂളില്‍ ഒരുക്കിയത്. അവണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അധ്യാപകരുടെയും പിടിഎയുടെയുമെല്ലാം നിരന്തര പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാവുകയാണ് ഹരിത വിദ്യാലയ പ്രഖ്യാപനം.

വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഹരിത വിദ്യാലയ പ്രഖ്യാപന ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ എസ്എസ്എയുടെ 3,20,000 രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശുചിമുറിയുടെ സമര്‍പ്പണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.