സുരക്ഷിത കൗമാരത്തിനായി 'മുഖാമുഖം' ഒരുക്കി സംസ്ഥാന വനിതാ കമ്മീഷന്‍

post

കൊല്ലം: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി 'മുഖാമുഖം' സംഘടിപ്പിച്ചു. കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ എം എസ് താര ഉദ്ഘാടനം ചെയ്തു.

തടസങ്ങളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് രാജ്യപുരോഗതിക്കായി അവ പ്രാവര്‍ത്തികമാക്കാനും പെണ്‍കുട്ടികള്‍ക്ക് കഴിയണമെന്ന് വനിതാ കമ്മീഷന്‍ അംഗം എം എസ് താര പറഞ്ഞു. നമ്മുടെ സുരക്ഷിതത്വം നമ്മുടെ കയ്യില്‍ തന്നെയാവണമെന്നും അതിനായി അവകാശങ്ങള്‍ അറിയുന്ന വ്യക്തിത്വങ്ങളായി ഓരോ പെണ്‍കുട്ടിയും വളരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കരുനാഗപ്പള്ളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ വി രാജന്‍ പിള്ള അധ്യക്ഷനായി. റിട്ട ഡി എം ഒ ഡോ. എം എം ബഷീര്‍ ക്ലാസെടുത്തു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് ചോദ്യാവലിയും നല്‍കി.

 സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ജയകുമാര്‍ ബോധവല്‍ക്കരണം നല്‍കി. കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ പെണ്‍കുട്ടികളും അധ്യാപകരുമാണ് ക്ലാസില്‍ പങ്കെടുത്തത്. വനിതാ കമ്മിഷന്‍ പി ആര്‍ ഒ കെ ദീപ മോഡറേറ്ററായി.