അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും

post

മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ഒക്ടോബർ 24 ന് യെമൻ - ഒമാൻ തീരത്ത് അൽഗൈദാക്കിനും (യെമൻ) സലാലാക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. 23 ന് രാവിലെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 2 ദിവസം വടക്ക് - വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഒക്ടോബർ 22 ന് 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 23ന് കൊല്ലം മുതൽ പാലക്കാട് വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.