കരിവെള്ളൂർ -പെരളം, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി വരുന്നു
കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം പഞ്ചായത്തിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പ്രവൃത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഉളിയത്ത് കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. കുണിയൻ മേഖലയിലെ രൂക്ഷമായ ഉപ്പ് വെള്ള പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ആർ സി ബി നിർമിക്കുക. ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. തൃക്കരിപ്പൂർ പയ്യന്നൂർ മണ്ഡലങ്ങൾ യോജിച്ചാണ് പ്രവൃത്തി നടപ്പാക്കുക. രണ്ട് വർഷം കൊണ്ട് കേരളത്തിലെ 38 ലക്ഷം ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് സാധിച്ചതായും എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യം ഉടൻ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃക്കരിപ്പൂരിന്റെയും സമീപത്തെ ആറ് പഞ്ചായത്തിലേക്കുമുള്ള കുടിവെള്ളമെത്തിക്കുക ലക്ഷ്യമിട്ടാണ് ജലജീവൻ പദ്ധതി ഉദ്‌ഘാടനം ചെയ്തത്. 2021 സെപ്തംബറിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിൽ 5035 കണക്ഷനുകൾ നൽകാൻ 55.05 കോടി രൂപയും കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിൽ 5670 കണക്ഷനുകൾ നൽകുന്നതിനായി 61.95 കോടി രൂപയുമാണ് ചെലവ് വരുന്നത്. കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ കാര്യങ്കോട് പുഴയിൽ മുക്കട എന്ന സ്ഥലത്താണ് പദ്ധതിക്ക് ആവശ്യമായ കിണർ നിർമ്മിക്കുന്നത്.
പള്ളിപ്പാറയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി സംഭരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിൽ ശുദ്ധീകരിച്ച കുടിവെള്ളം പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന വിവിധ സംഭരണികളിൽ പൈപ്പ് വഴിഎത്തിക്കും . അവിടെ നിന്ന് വിതരണ പൈപ്പുകളിലൂടെ വീടുകളിൽ എത്തിക്കും.കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പുന്നയിൽ ആറ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കൂളിപ്പാറയിൽ 13.20 ലക്ഷം ലിറ്റർ ടാങ്കും സ്ഥാപിക്കും. മുക്കടയിലെ കിണറിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും പ്രവൃത്തി ടെണ്ടർ നടപടികളിലാണ്.
കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ കരിങ്കുഴിയിൽ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.