കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

20305 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ , പിലിക്കോട്, ചെറുവത്തൂർ, പടന്ന, വലിയ പറമ്പ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെളള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജല ജീവൻ മിഷനുമായി ചേർന്ന് സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം നടത്തിവരികയാണ്. അഞ്ച് ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം സമയബന്ധിതമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയാണ് പിലിക്കോട്, തൃക്കരിപ്പൂർ , ചെറുവത്തൂർ, പടന്ന, വലിയ പറമ്പ ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 221.99 കോടി രൂപ ചെലവഴിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ 20305 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനാവും.