കേരളത്തില്‍ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം  : കേരളത്തില്‍ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ്ഫെഡ് എന്നിവിടങ്ങളിലെ അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്ക് കണക്ക് ഏകോപിപ്പിക്കും. അരി, ഗോതമ്പ്, പയര്‍വര്‍ഗം, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കൊപ്പം എണ്ണ, ഉള്ളി, പാല്‍പ്പൊടി, വറ്റല്‍മുളക്, ബിസ്‌ക്കറ്റ്, ഓട്സ്, ന്യൂഡില്‍സ് തുടങ്ങിയ സാധനങ്ങളും സംഭരിക്കേണ്ടതുണ്ട്. പാല്‍, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികള്‍ എന്നിവയും ജനങ്ങള്‍ക്ക് ലഭിക്കണം. ഇവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡ്, റെയില്‍, കപ്പല്‍ മാര്‍ഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ ഉപയോഗിക്കും.

നമ്മുടെ നാട്ടില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും സംഭരിച്ച് വിതരണം ചെയ്യല്‍ പ്രധാനമാണ്. ഇതിന് പ്രാദേശിക വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗിക്കാനാവും. ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ ദേശീയ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാരനിയന്ത്രണത്തില്‍ ഇളവ് നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം സംബന്ധിച്ച് ഉന്നതതല സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ കടകള്‍ വഴി അരിവിതരണം ആരംഭിക്കും. എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും കിറ്റ് സര്‍ക്കാര്‍ വിതരണം ചെയ്യും. എന്നാല്‍ ചില കുടുംബങ്ങള്‍ക്ക് ഇത് ആവശ്യമുണ്ടാവില്ല. അത്തരക്കാര്‍ക്ക് വിവരം അറിയിക്കാന്‍ കേന്ദ്രീകൃത സംവിധാനമുണ്ടാവും. സംസ്ഥാനത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ ഭക്ഷ്യ, ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ അതുമായി ബന്ധപ്പെട്ടവര്‍ മാത്രം ഉണ്ടായാല്‍ മതി. മറ്റാരും കടക്കാന്‍ പാടില്ല. 1059 കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിട്ടുണ്ട്. ആറ് കോര്‍പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ പൂര്‍ത്തിയായി. നഗരകേന്ദ്രങ്ങളില്‍ 125 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കും. 941 പഞ്ചായത്തുകളില്‍ 831 ഇടത്ത് കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം 52480 പേര്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. 41826 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.  31263 പേര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ചു.  ഭക്ഷണത്തിന് അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കാണ് വിതരണം ചെയ്യേണ്ടത്. തദ്ദേശസ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തണം.

ഈസ്റ്റര്‍, വിഷു വരുന്നതോടെ ഭക്ഷ്യസാധനങ്ങളുടെ ആവശ്യം സംസ്ഥാനത്ത് വര്‍ദ്ധിക്കും. ഇത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണം വര്‍ധിപ്പിക്കും. ആദിവാസി മേഖലകളിലും ഭക്ഷ്യധാന്യം എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പൈനാപ്പിള്‍ കൃഷിയുടെ വിളവെടുപ്പ് കാലമാണിത്. തൊഴിലാളികള്‍ അകലം പാലിച്ച് വേണം വിളവെടുക്കാന്‍. ഇതോടൊപ്പം 57000 ഹെക്ടറിലെ പച്ചക്കറി വിളിവെടുപ്പും സംഭരണവും വിതരണവും സുഗമമായി നടക്കേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ നിന്നുള്ള ഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സാധനങ്ങള്‍ വാങ്ങാന്‍ പലയിടത്തും തിരക്കുണ്ട്. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സൊസൈറ്റിയുടെ മാതൃക പിന്തുടരാവുന്നതാണ്. സാധനങ്ങളുടെ ലിസ്റ്റും ഫോണ്‍ നമ്പറും നല്‍കിയാല്‍ അവര്‍ എടുത്തു വച്ച ശേഷം വിളിച്ചറിയിക്കും. വിലക്കയറ്റം തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.