മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

post

തിരുവനന്തപുരം : കോവിഡില്‍നിന്നുള്ള അതിജീവനത്തിനു കരുത്തു പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യര്‍ഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമായി സര്‍ക്കാരിനെ സമീപിച്ചത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫ്അലി 10 കോടി രൂപ നല്‍കാമെന്നറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ രവി പിള്ള അഞ്ചു കോടി രൂപ സംഭാവനയായി നല്‍കാമെന്നറിയിച്ചിട്ടുണ്ട്.  ആര്‍.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കൊല്ലത്തുള്ള ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിട്ടു നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ഉടമ എം.പി. അഹമ്മദും കല്യാണ്‍ ജൂവലേഴ്സ് ഉടമ കല്യാണരാമനും രണ്ടു കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടന്നെും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനു പുറമേ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹായവാഗ്ദാനവുമായി എത്തുന്നുണ്ട്.  നിരവധി പേര്‍ ഓണ്‍ലൈനിലൂടെ സഹായം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍  donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിനു ശക്തപകരാന്‍ കഴിയുന്നത്രയും പേര്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും സഹായവുമായി മുന്നോട്ടുവരുന്ന സുമനസുകള്‍ക്കു നന്ദിയര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.