ഭക്ഷണ വിതരണത്തിന്റെ പേരില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

post

സാമൂഹിക അടുക്കളകള്‍ വഴി 17,841 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

മലപ്പുറം : രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ മലപ്പുറം ജില്ലയില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സാമൂഹിക അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്താണ് അര്‍ഹരായവരില്‍ എത്തിക്കുന്നത്. ഇതിന് ഓരോ വാര്‍ഡുകളിലും മൂന്ന് വളണ്ടിയര്‍മാരെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണ വിതരണത്തിന്റെ പേരില്‍ ചുമതലയില്ലാത്തവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷണ വിതരണത്തിനും മരുന്നു വിതരണത്തിനും ചുമതലപ്പെടുത്തിയവര്‍ മറ്റാവശ്യങ്ങള്‍ക്ക് പാസുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാലും നിയമ നടപടികള്‍ നേരിടേണ്ടിവരും.

ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 28) 17,841 ഭക്ഷണ പൊതികളാണ് സാമൂഹിക അടുക്കളകളില്‍ നിന്ന് വിതരണം ചെയ്തത്. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ കഴിയാത്ത നിര്‍ധന കുടുംബങ്ങള്‍, കിടപ്പിലായ രോഗികള്‍, അഗതികള്‍ തുടങ്ങി 14,723 പേര്‍ക്ക് സൗജന്യമായി ഭക്ഷണ പൊതികള്‍ വളണ്ടിയര്‍മാര്‍ മുഖേന എത്തിച്ചു. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്തു. 1,091 പേര്‍ക്ക് പ്രാതലും 4,521 പേര്‍ക്ക് അത്താഴവും സാമൂഹിക അടുക്കളകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലയില്‍ 82 ഗ്രാമ പഞ്ചായത്തുകളില്‍ സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണ വിതരണം ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. രാജന്‍ അറിയിച്ചു. നഗരസഭകളിലും സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം തുടങ്ങി. അതിഥി തൊഴിലാളികള്‍ക്ക് ഇനി മുതല്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് പ്രത്യേക വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കുക എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.