കൊല്ലം ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തി

post

കൊല്ലം ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിൽ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദർശനം നടത്തി. 'ലക്ഷ്യ' പദ്ധതി പ്രകാരം ലോകോത്തര നിലവാരമുള്ള ലേബര്‍ റൂമും അനുബന്ധ സജീകരണങ്ങളുടെ നിര്‍മാണവും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ അവസാന ഘട്ടത്തിലാണ് എന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ലഭ്യമാക്കുന്ന മരുന്നുകളും ചികിത്സ സഹായങ്ങളും ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കി സ്ഥലമേറ്റടുക്കല്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനും പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ തസ്തികകള്‍ നിര്‍മിക്കും എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളോടും കൂട്ടിരിപ്പുകാരോടും മന്ത്രി ആശയവിനിമയം നടത്തി. പ്രശ്‌നങ്ങളും പരാതികളും തീര്‍പ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.


കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 150 കിടക്കകളും രണ്ടു ഓപ്പറേഷന്‍ തിയറ്ററുകളും ഉള്‍പ്പടെ നിര്‍മിക്കുന്ന പുതിയ താലൂക്ക് ആശുപത്രിയുടെ 60 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ ഫാര്‍മസിയുടെ സമയം ദീര്‍ഘിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു .ബ്ലോക്കില്‍ നിന്ന് ലഭ്യമായ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ഓ പ്ലാന്റും എം എല്‍ എ ഫണ്ടില്‍ നിന്ന് ലഭിച്ച ഡയാലിസിസ് മെഷീന്‍ അടങ്ങുന്ന സംവിധാനത്തിലേക്ക് അഞ്ചു പുതിയ ഡയാലിസിസ് യൂണിറ്റ് കൂടി സര്‍ക്കാര്‍ നല്‍കും എന്നും അറിയിച്ചു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എ ഡി എച്ച് എസിനെ ചുമതലപ്പെടുത്തി. പുതിയ കെട്ടിട നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി തൃപ്തി രേഖപ്പെടുത്തി. പി സി വിഷ്ണുനാഥ് എം എല്‍ എ സന്നിഹിതനായി.


ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മെറ്റെണിറ്റി ബ്ലോക്കിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെ നിര്‍മാണവും ഉടനടി തുടങ്ങുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. താലൂക്ക് ആശുപത്രി തലം മുതല്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ആര്‍ദ്രം പദ്ധതി വഴി നല്‍കുന്നുണ്ട്. ഇതിലേക്കായി എക്‌സ് റേ, ഓപ്പറേഷന്‍ തിയറ്റര്‍ ഐ സി യു എന്നിവ ഉള്‍പ്പെടുന്ന പുതിയ മെറ്റേണിറ്റി ബ്ലോക്കും എട്ടര കോടി അനുവദിച്ചു നിര്‍മാണം ആരംഭിക്കുന്ന എമര്‍ജന്‍സി ബ്ലോക്കും പ്രവര്‍ത്തനത്തില്‍ വരും എന്ന് മന്ത്രി പറഞ്ഞു. താലൂക് ആശുപത്രിയിലെ രോഗികളോട് സൗകര്യങ്ങളെ കുറിച്ച് മന്ത്രി തിരക്കി. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ സന്നിഹിതനായി.


കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ദേശീയ പാതയോരത്തുള്ള ആശുപത്രി എന്നത് കണക്കിലെടുത്ത് എമര്‍ജന്‍സി സേവനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ രോഗികള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാൻ എ ഡി എച്ച് എസ് നെ മന്ത്രി ചുമതലപ്പെടുത്തി.

നീണ്ടകര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസം നേരിടാത്ത വിധം വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം എന്ന് മന്ത്രി വീണ ജോര്‍ജ് നിർദ്ദേശിച്ചു. 89 ശതമാനം സിവില്‍ വര്‍ക്കുകള്‍ തീര്‍ന്ന പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഹൗസിങ് ബോര്‍ഡിനെ ചുമതലപ്പെടുത്തി. സ്‌പെഷ്യല്‍ പര്‍പ്പസ് വര്‍ക്ക് ഗണത്തില്‍ പെടുന്ന പ്രവൃത്തിയുടെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. നീണ്ടകര താലൂക് ആശുപത്രിസൗകര്യങ്ങള്‍ വിലയിരുത്തിയ മന്ത്രി രോഗികളോട് സംവദിക്കുകയും ചെയ്തു. സുജിത് വിജയന്‍പിള്ള എം എല്‍ എ സന്നിഹിതനായി.


സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി കൂടുതല്‍ സേവനങ്ങളോടെ ആധുനീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കാര്‍ഡിയോളജിസ്റ്റ് യൂറോളജിസ്റ്റ് എന്നിവരുടെ നിയമനം കഴിയുന്നതും വേഗം സാധ്യമാക്കും. തടസ്സങ്ങള്‍ നേരിടാത്ത വിധം സേവനങ്ങള്‍ ലഭ്യമാകേണ്ടത് രോഗികളുടെ അവകാശമാണ്. സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ലാബ് സംവിധാനം ആരംഭിക്കാനും തീരുമാനിച്ചു. വൈദ്യുതി സ്വയംപര്യാപ്തത നേടുന്നതിനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കാരുണ്യ ഫര്‍മസിയുടെ സേവനം 24 മണിക്കൂര്‍ ലഭ്യമാക്കണം എന്നും ഇ-ഹെല്‍ത്ത് ടോക്കണ്‍ പ്രവര്‍ത്തനം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ത്തി കൂടുതല്‍ ജനസൗഹൃദം ആക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു . പി എസ് ശുപാല്‍ എം എല്‍ എ സന്നിഹിതനായി.