മലയോരഹൈവേ : മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മ്മാണപുരോഗതി വിലയിരുത്തി
ഇടുക്കി ജില്ലയിലെ മലയോരഹൈവേ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് വിലയിരുത്തി. മലയോരഹൈവേയുടെ രണ്ടാം റീച്ചില്‍ ഉള്‍പ്പെട്ട ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള നിര്‍മ്മാണങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കിഫ്ബി വഴി 144 കോടി ചെലവഴിച്ചാണ് 21.5 കിലോമീറ്റര്‍ ദൂരം ചപ്പാത്ത്-മേരികുളം, മേരികുളം- നരിയമ്പാറ, നരിയമ്പാറ- കട്ടപ്പന എന്നീ മൂന്ന് ഭാഗങ്ങളായി ഹൈവേയുടെ നിര്‍മ്മാണം നടക്കുന്നത്.
നിലവില്‍ 98 കലുങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ നീളുന്ന ഹൈവേയുടെ കുട്ടിക്കാനം-ചപ്പാത്ത് ഒന്നാം റീച്ച് ജൂണില്‍ പൂര്‍ത്തിയാക്കി. 88 കോടി രൂപ മുതല്‍ മുടക്കില്‍ 18.5 കിലോമീറ്റര്‍ രാജ്യാന്തരനിലവാരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഹൈവേയുടെ ഭാഗമായ കുഴല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ വന്ന തടസ്സങ്ങള്‍ ഇടുക്കി ഡാം സേഫ്റ്റി അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇരുപതേക്കര്‍ പാലത്തിനോട് ചേര്‍ന്നു താമസിക്കുന്ന കുടുംബത്തെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ച ശേഷമാകും പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.