വികസന കുതിപ്പുമായി പാലക്കാട് ജില്ലയിലെ തരൂര്‍ നിയോജകമണ്ഡലം

post

വികസനവഴിയിലെ മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് പാലക്കാട് ജില്ലയിലെ തരൂര്‍ നിയോജകമണ്ഡലം. 22 സമഗ്ര അംബേദ്കര്‍ ഗ്രാമങ്ങള്‍, അത്തിപ്പൊറ്റ, മംഗലം, അരങ്ങാട്ട് കടവ്, കൊളയക്കാട്, മണിയമ്പാറ പാലങ്ങള്‍, ഒളപ്പമണ്ണ, എം.ഡി. രാമനാഥന്‍, കെ.പി കേശവമേനോന്‍ സാംസ്‌കാരിക നിലയങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് തരൂര്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായത്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം മണ്ഡലത്തിലെ 22 കോളനികളില്‍ ഓരോ കോടി വീതം ചെലവില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി.

മണ്ഡലത്തില്‍ പൂര്‍ത്തിയായത് അഞ്ച് പാലങ്ങള്‍

എട്ട് കോടി രൂപ ചെലവിൽ ഗായത്രിപ്പുഴക്ക് പുറകെ നിര്‍മിച്ച കഴനി-പഴമ്പാലക്കോട് റോഡിലെ അത്തിപ്പൊറ്റ പാലം ഒറ്റപ്പാലത്തു നിന്ന് തിരുവില്വാമല വഴി ആലത്തൂരിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നു. മഴക്കാലത്ത് വെള്ളം കയറി ഉണ്ടാകുന്ന വലിയ യാത്രാ തടസത്തിനാണ് ഇതോടെ പരിഹാരമായത്. 3.80 കോടി രൂപ ചെലവിൽ വടക്കഞ്ചേരി ബസാര്‍ റോഡില്‍ മംഗലം പാലം പൂര്‍ത്തിയായി. പുതുക്കോട്-കാവശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മംഗലം പുഴയ്ക്ക് കുറുകെയുള്ള അരങ്ങാട്ട് കടവ് പാലം കിഫ്ബി ഫണ്ടില്‍ നിന്ന് 10 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്.

2020-21 ബജറ്റ് വിഹിതത്തില്‍ നിന്ന് 3.5 കോടിയില്‍ നിര്‍മിച്ച കണ്ണമ്പ്ര കൊളയക്കാട് പാലം വന്നതോടെ വടക്കഞ്ചേരി-പാടൂര്‍ റോഡില്‍ കൊളയക്കാട് തോടിന് കുറുകെയുള്ള യാത്രാ സൗകര്യം മെച്ചപ്പെട്ടു. 20 കോടിയില്‍ തരൂര്‍ റിങ് റോഡിന്റെയും മണിയമ്പാറ പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. 3.64 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കുഴല്‍മന്ദം, കുളവന്മുക്ക്, കുത്തന്നൂര്‍ പ്രദേശങ്ങളില്‍ നിന്നും ആലത്തൂര്‍, അത്തിപ്പൊറ്റ, തോലനൂര്‍ പ്രദേശങ്ങളില്‍ നിന്നും പേരിങ്ങോട്ടുകുറിശ്ശിയിലേക്കും അതുവഴി തിരുവില്വാമല, ഒറ്റപ്പാലം പ്രദേശങ്ങളിലേക്കും ബന്ധിപ്പിക്കുവാനുതകുന്ന പ്രധാന മാര്‍ഗമാണിത്.

മികച്ച റോഡുകൾ

2016-17 സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്ന് 9.11 കോടി രൂപ ചെലവിൽ കടവണി കമ്പിക്കോട് പാലത്തറ റോഡ് പൂര്‍ത്തിയായി. നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോട്ടായി-വലിയമ്മക്കാവ് റോഡ്, തരൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ അത്തിപ്പൊറ്റ- തോലനൂര്‍ റോഡില്‍ നിന്നാരംഭിച്ച് നെല്ലുകുത്താംകുളം-കഴനി-പഴമ്പാലക്കോട് റോഡില്‍ അവസാനിക്കുന്ന മൂന്ന് കീ.മിറ്ററുള്ള ആലത്തൂര്‍ താലൂക്കിലെ പ്രധാന പഞ്ചായത്ത് പാതയായ അഴുവക്കോട്-ഉതുങ്ങോട്-വാളക്കര റോഡ് എന്നിവയും പൂർത്തിയായി.

മൂന്ന് കോടി രൂപ ചെലവിട്ട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ 2.55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുളിനെല്ലി-പെരുമല-തോട്ടക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി, തൃശൂര്‍ ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയെയും പാലക്കാട് ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയും പാലക്കാട് ജില്ലയിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുഴല്‍മന്ദം- മങ്കര റോഡ്, പെരിങ്ങോട്ടുകുറിശ്ശി-പാമ്പാടി റോഡ് എന്നിവ പൂര്‍ത്തിയായി. 2.45 കോടി രൂപ ചെലവിൽ തരൂര്‍പള്ളി ചൂലനൂര്‍ നടുവത്തപാറ റോഡ്, 2.5 കോടി രൂപ ചെലവിട്ട് അത്തിപ്പൊറ്റ- തോടുകാട് റോഡ്, 2 കോടി രൂപയിൽ അത്തിപ്പൊറ്റ-തോലനൂര്‍ റോഡ് എന്നിവയും മണ്ഡലത്തിലെ വികസന യാത്രയ്ക്ക് വേഗം നൽകി.


വിവിധ സാംസ്‌കാരിക നിലയങ്ങള്‍

സാംസ്‌കാരിക മേഖലയിലും നിരവധി പദ്ധതികളാണ് തരൂർ മണ്ഡലത്തിൽ പൂർത്തിയായത്. 1.20 കോടി രൂപ ചെലവിൽ പെരിങ്ങോട്ടുകുറിശ്ശിയില്‍ കവി ഒളപ്പമണ്ണ സ്മാരകം, ഒരു കോടി രൂപ ചെലവിൽ എം.ഡി. രാമനാഥന്‍ സ്മാരക ഹാള്‍, 50 ലക്ഷം രൂപ ചെലവിൽ കെ.പി കേശവമേനോന്‍ ഓഡിറ്റോറിയം എന്നിവ പൂര്‍ത്തിയായി. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ പരുത്തിപ്പുള്ളി സെന്ററി പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യം നമ്പൂതിരിപ്പാടിന്റെ പേരില്‍ സ്മാരക മന്ദിരം നിര്‍മിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടിയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരുനിലകളിലായി സ്മാരക മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 25 സെന്റില്‍ 3675 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ വരാന്ത, ഓഫീസ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം, ശുചിമുറി, മ്യൂസിയം, മന്ദിരത്തിന് പുറത്ത് ഓപ്പണ്‍ ഓഡിറ്റോറിയം, കോര്‍ട്ടിയാര്‍ഡ് സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി രാമനാഥന് ജന്മനാടായ മഞ്ഞപ്രയില്‍ സാംസ്‌ക്കാരിക നിലയം ഒരുക്കി. സംഗീത കച്ചേരി അവതരിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ നിലയത്തില്‍ ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ അവതരിപ്പിക്കാനായുള്ള വിശാലമായ ഓഡിറ്റോറിയമാണ് പ്രധാന ആകര്‍ഷണം. മന്ദിരത്തിന്റെ പിന്‍വശത്തെ രണ്ടുനില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ സ്വീകരണമുറിയും അതിഥി മുറികളും സജ്ജമാക്കിയിട്ടുണ്ട്. സാംസ്‌ക്കാരിക വകുപ്പിന്റെ ഒരു കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

കായിക മേഖലയില്‍ ഉയരാൻ പുതിയ സ്റ്റേഡിയങ്ങൾ

കായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി രൂപ ചെലവില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ അത്യാധുനിക സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചു. സ്റ്റേഡിയത്തില്‍ മിനി ഫുട്ബോള്‍ കോര്‍ട്ട്, ഷട്ടില്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് സൗകര്യം ഒരുക്കിയിട്ടുണ്ട്. കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ ചെലവില്‍ കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, 200 മീറ്റര്‍ 6 ലെയിന്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് പ്രതലത്തില്‍ സജ്ജമാക്കിയ ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ മൂന്ന് നിലകളുള്ള ഗ്യാലറി ബില്‍ഡിങ്ങ്, സിന്തറ്റിക് ട്രാക്ക് എന്നിവ ഒരുക്കി.


കൃഷി-വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ സമഗ്രവികസന പദ്ധതികള്‍

പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കി സമൃദ്ധി പദ്ധതി, വിദ്യാഭ്യാസ നിലവാരത്തിന് മെറിറ്റ് പദ്ധതി, സ്വിം തരൂര്‍ എന്ന പേരില്‍ 350 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനായി ഹെല്‍ത്തി തരൂര്‍ പദ്ധതി, മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്ക് കൂടെ എന്ന പേരില്‍ ഇ.എം.എസ് സ്മാരക കമ്യൂണിറ്റി ഹാളില്‍ സൗജന്യ കൗണ്‍സലിങ് എന്നിവ നടപ്പാക്കി വരുന്നു.

കോട്ടായി ജി.എച്ച്.എസ്.എസ്, ബമ്മണ്ണൂര്‍ ജി.എച്ച്.എസ് കെട്ടിടം, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം ആദ്യഘട്ടം, വടക്കഞ്ചേരി റസ്റ്റ് ഹൗസ് കെട്ടിടം ഒന്നാംഘട്ടം എന്നിവയും പൂര്‍ത്തിയായവയില്‍ ഉള്‍പ്പെടുന്നു.


470 കോടി രൂപ ചെലവിട്ട് കൊച്ചി-ബംഗളുരു ഇടനാഴിയില്‍ കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്ക് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. പദ്ധതി കിന്‍ഫ്ര ഏറ്റെടുക്കുന്നതിലൂടെ പ്രദേശത്തെയും ജില്ലയുടെയും വികസനത്തിന് വലിയ മുതല്‍കൂട്ടാകുന്ന പദ്ധതിയായി കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് മാറും. ഫുഡ് ആര്‍ഡ് ബിവറേജസ്, മെഡിസിന്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, റബ്ബര്‍ ഇന്‍ഡസ്ട്രീസ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതി വഴി സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

കണ്ണമ്പ്ര-കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെന്നിലാപുരം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 10 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. നിലവിലുണ്ടായിരുന്ന കോസ് വേയില്‍ വെള്ളം കയറുന്നത് മൂലം ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. കാസ്വേയ്ക്കു വീതി കുറവായതിനാലും കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുള്ളതിനാലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇതിനുപുറമെ 10 കോടിയില്‍ തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, 8 കോടിയില്‍ വടക്കഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, 7.74 കോടിയില്‍ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളെജ്, 5 കോടിയില്‍ അണക്കപ്പാറ മുടപ്പല്ലൂര്‍ റോഡ്, 5 കോടിയില്‍ തച്ചനടി പ്ലാഴി റോഡ്, 35 ലക്ഷത്തില്‍ കണ്ണമ്പ്ര ചല്ലിപ്പറമ്പ് - കല്ലേരി പാലം നവീകരണം, 60 ലക്ഷത്തില്‍ കോട്ടായി കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മ്മാണം, 1.30 കോടിയില്‍ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ് കെട്ടിടം നിര്‍മാണം തുടങ്ങിയവ നടന്നുവരുന്നു.

പെരിങ്ങോട്ടുകുറിശ്ശി ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞാവളിന്‍ കടവ് പാലം നിര്‍മാണത്തിന് ഭൂമി തരം മാറ്റലിന് ഭരണാനുമതിയായി. ഇതോടൊപ്പം കോട്ടായി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം കനാലിന് സൈഫന്‍ നിര്‍മാണത്തിന് ഒരു കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.