ശബരിമല: വാട്ടര്‍ അതോറിറ്റി പ്രതിദിനം 130 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാക്കും

post

പത്തനംതിട്ട: തീര്‍ഥാടനകാലത്ത് ശബരിമലയില്‍ പ്രതിദിനം 130 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭിക്കാന്‍ എല്ലാ ക്രമീകരണങ്ങളുമുണ്ടെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. പമ്പയില്‍ പ്രതിദിനം 60 ലക്ഷം ലിറ്ററും ശരണപാതയിലും സന്നിധാനത്തുമായി 70 ലക്ഷം ലിറ്ററും കുടിവെള്ളം വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കി. ഇതിനു പുറമെ നിലയ്ക്കലില്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനും സംവിധാനമുണ്ട്.

പമ്പിംഗ് സമയം 12 മണിക്കൂറില്‍നിന്ന് 24 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു മാത്രമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും നിയമിച്ചു. പമ്പ, സന്നിധാനം, ശരണപാത, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആര്‍ഒ പ്ലാന്റുകള്‍ വഴി 12.40 ലക്ഷം ലിറ്റര്‍ ശുദ്ധജലവും ലഭ്യമാക്കിയിട്ടുണ്ട്. പമ്പയില്‍ വാട്ടര്‍ അതോറിറ്റിയുടെ 2.8 ലക്ഷം ലിറ്ററിന്റെ ഭൂതല സംഭരണിയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാലു ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണിയിലുമായി കുടിവെള്ളം ലഭ്യമാക്കും. ശരണപാതയിലും സന്നിധാനത്തും കുടിവെള്ളം നല്‍കാന്‍ നീലിമല ടോപ്പില്‍ രണ്ടു ലക്ഷം ലിറ്ററിന്റെ ഭൂതല സംഭരണിയും നീലിമല ബോട്ടത്തില്‍ രണ്ടു ലക്ഷം ലിറ്ററിന്റെ സംഭരണിയും അപ്പാച്ചിമേട് രണ്ടു ലക്ഷം ലിറ്ററിന്റെ ഭൂതല സംരഭരണി, ശരംകുത്തിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ആറു ലക്ഷം ലിറ്ററിന്റെയും ദേവസ്വംബോര്‍ഡിന്റെ 40 ലക്ഷം ലിറ്ററിന്റെയും 10 ലക്ഷം ലിറ്ററിന്റെയും സംഭരണികള്‍ എന്നിവ വഴി കുടിവെള്ളം ലഭ്യമാക്കും.

നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡിന്റെ 40 ലക്ഷം ലിറ്ററിന്റെ ടാങ്കിലും വാട്ടര്‍ അതോറിറ്റിയുടെ 15 ലക്ഷം ലിറ്ററിന്റെ സ്റ്റീല്‍ ടാങ്കിലും 5000 ലിറ്ററിന്റെ 215 ടാങ്കുകള്‍ വഴിയും വെള്ളം നല്‍കും. പമ്പയില്‍നിന്നും സീതത്തോട് നിന്നും ടാങ്കര്‍ ലോറികള്‍ വഴിയാണ് നിലയ്ക്കലില്‍ വെള്ളമെത്തിക്കുന്നത്. ശരണപാത, പമ്പ, മണപ്പുറം, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളില്‍നിന്ന് 330 ടാപ്പുകള്‍ വഴി വെള്ളം നല്‍കും. ചൂടുവെള്ളവും തണുപ്പു വെള്ളവും കിട്ടുന്ന 12 ഡിസ്‌പെന്‍സറുകളും സെന്‍സര്‍ ടാപ്പോടു കൂടിയ 10 പുതിയ ഡിസ്‌പെന്‍സറുകളുമുണ്ട്. നിലയ്ക്കലില്‍ കിയോസ്‌കുകളില്‍നിന്ന് വെള്ളമെടുക്കാന്‍ 300 ടാപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

നിലയ്ക്കലുള്ള രണ്ടു കുഴല്‍ക്കിണറുകളും ഉപയോഗ യോഗ്യമാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ടാങ്കുകളും ലൈനുകളുമെല്ലാം വൃത്തിയാക്കുകയും ഗുണനിലവാര പരിശോധനാ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ആവശ്യമുള്ളവര്‍ക്ക് 60 രൂപ നിരക്കില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം ലഭ്യമാക്കുന്നതിനായി എരുമേലി ശുദ്ധീകരണശാലയില്‍ വെന്‍ഡിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്.