മലപ്പുറം ജില്ലയിൽ ലോക ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണം ഉദ്‌ഘാടനം ചെയ്തു

post

ലോക ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മലപ്പുറം നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ നിർവഹിച്ചു. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ശരിയായ അവബോധവും ധാരണയും വർധിപ്പിക്കുന്നതിനും ആന്റിബയോട്ടിക്ക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിർഭാവവും വ്യാപനവും കുറക്കുന്നതിന് മികച്ച ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള ക്യാമ്പയിനാണ് ലോക ആന്റി മൈക്രോബിയൽ അവബോധ വാരാചരണം.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് മുഖ്യപ്രഭാഷണം നടത്തി. ആർദ്രം നോഡൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ വാരാചരണ സന്ദേശം നൽകി. വാർഡ് കൗണ്‍സിലർ സുരേഷ് മാസ്റ്റർ, ഐ.എ.പി സെക്രട്ടറി ഡോ. ഷഫീദ്, ഡ്രഗ് ഇൻസ്‌പെക്ടർ പി.എം അനസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൾ അസീസ്, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസർമാരായ പി.എം ഫസൽ, രാമദാസ്, ഡോ. അജേഷ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.