55 ലക്ഷം ലിറ്റര്‍ ടാങ്കര്‍ ജലം : കോവിഡ്- 19 പ്രതിരോധത്തിന് വാട്ടര്‍ അതോറിറ്റിയും

post

തിരുവനന്തപുരം: കോവിഡ് 19 ലോക് ഡൗണ്‍ കാലത്ത് കുടിവെള്ള പ്രശ്‌നങ്ങള്‍ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കി വാട്ടര്‍ അതോറിറ്റി. ലോക് ഡൗണ്‍ ബാധകമല്ലാതെ, വാട്ടര്‍ അതോറിറ്റിയുടെ 1020 ജലശുദ്ധീകരണ പദ്ധതികളും പതിവുപോലെ പ്രവര്‍ത്തിച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നു. കൊറോണ പ്രതിരോധത്തില്‍, അവശ്യ വസ്തുവായ കുടിവെള്ളത്തിന്റെ വിതരണം ഏകോപിപ്പിക്കാന്‍ ജലവിഭവ മന്ത്രി  കെ.കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശപ്രകാരം  കോവിഡ് 19 സെല്‍ രൂപീകരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പോരായ്മകള്‍ അപ്പപ്പോള്‍ പരിഹരിക്കുകയും ചെയ്യുന്നതായി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ.എസ്.വെങ്കടേസപതി  അറിയിച്ചു.

സംസ്ഥാനത്ത് 24 ലക്ഷം കണക്ഷനുകള്‍ക്കായി പ്രതിദിനം 2700 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. ഇതിനു പുറമെ,കഴിഞ്ഞ നാലു  ദിവസങ്ങളില്‍  ടാങ്കര്‍ ലോറി വഴി മാത്രം 55.59ലക്ഷം ലിറ്റര്‍ വെള്ളമാണ് അതോറിറ്റി സംസ്ഥാനത്ത് വിതരണം നടത്തിയത്. കൂടാതെ ക്യാന്‍ വഴി 12110 ലിറ്റര്‍ ജലം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സൗജന്യമായി എത്തിച്ചു. സുല്‍ത്താന്‍ ബത്തേരി ഡിവിഷനില്‍ ക്യാനുകളില്‍ കൂടുതല്‍ സുരക്ഷയ്ക്കായി ജീവനക്കാര്‍ തന്നെ ടാപ്പ് ഘടിപ്പിച്ച്  ജലവിതരണം നടത്തി. ആര്‍ഒ പ്ലാന്റുകള്‍ വഴിയും സൗജന്യ ജലം എത്തിക്കുന്നുണ്ട്. കഴിഞ്ഞ  നാലു ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1456 ചോര്‍ച്ചകളും പരിഹരിച്ച് കുടിവെള്ള വിതരണം ഉറപ്പാക്കി.  കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ജീവനക്കാരുടെ ഉപയോഗത്തിനായി സാനിറ്റെസര്‍  നിര്‍മാണവും തുടങ്ങി.  പാലക്കാട് ജില്ലയില്‍ കുടിവെള്ളം കിട്ടാതെ ലേബര്‍ ക്യാംപുകളില്‍ ദുരിതത്തിലായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കുടിവെള്ളം ക്യാനുകളിലെത്തിച്ചു കൊടുത്തു. കവലകളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി പ്രത്യേക കുടിവെള്ള ക്യാനുകളും ഒരുക്കി.ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പുതിയ കണക്ഷന്‍ നല്‍കുന്ന പ്രവൃത്തികളും നടക്കുന്നു. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളും പുന:സ്ഥാപിച്ചു നല്‍കുന്നുണ്ട്.ജല ശുദ്ധീകരണ ശാലകള്‍, പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ ജീവനക്കാര്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യുന്നു.ബ്ലൂ ബ്രിഗേഡ്, അറ്റകുറ്റപ്പണി കരാര്‍ തൊഴിലാളികളും രംഗത്തുണ്ട്.